ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മലയാളിത്തിളക്കം; സച്ചി സംവിധായകൻ, അപർണ നടി, നഞ്ചിയമ്മ ഗായിക
text_fieldsന്യൂഡൽഹി: മലയാളത്തിന് മിന്നുന്ന നേട്ടങ്ങളുമായി ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം. മികച്ച സംവിധായകൻ, മികച്ച നടി, മികച്ച പിന്നണിഗായിക, മികച്ച സഹനടൻ, മികച്ച സംഘട്ടനം അടക്കം നിരവധി പുരസ്കാരങ്ങളാണ് മലയാള സിനിമക്ക് സ്വന്തമായത്. 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന്റെ സംവിധാനത്തിനാണ് അന്തരിച്ച സച്ചി മികച്ച സംവിധായകനുള്ള അവാർഡിന് ഉടമയായത്. സൂരറൈപോട്ര് എന്ന തമിഴ് ചിത്രത്തിലെ തകർപ്പൻ അഭിനയം മലയാളിയായ അപർണ ബാലമുരളിക്ക് മികച്ച നടിക്കുന്ന പുരസ്കാരം നേടിക്കൊടുത്തു. 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലെ സൂപ്പർഹിറ്റായ 'കലക്കാത്താ സന്ദനമേര' എന്ന നാടൻ പാട്ടിനാണ് നഞ്ചിയമ്മ മികച്ച പിന്നണി ഗായികക്കുള്ള പുരസ്കാരം നേടിയത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അയ്യപ്പനെ അവിസ്മരണമാക്കിയ ബിജു മേനോനാണ് മികച്ച സഹനടനുള്ള പുരസ്കാരം. ഇതേ ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ ഒരുക്കിയതിന് മാഫിയ ശശി അവാർഡിന്റെ തിളക്കത്തിലേറി.
മികച്ച നടനുള്ള പുരസ്കാരം രണ്ടുപേർ പങ്കിട്ടു. 'സൂരറൈപോട്രി'ലെ അഭിനയത്തിന് സൂര്യയും 'തൻഹാജി: ദ അൺസങ് ഹീറോ' (ഹിന്ദി) യിലെ അഭിനയത്തിന് അജയ് ദേവ്ഗണുമാണ് അവാർഡ് നേടിയത്. സൂരറൈ പോട്ര് മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡ് നേടിയപ്പോൾ മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് 'തൻഹാജി: ദ അൺസങ് ഹീറോ' സ്വന്തമാക്കി
'തിങ്കളാഴ്ച നിശ്ചയം' മികച്ച മലയാളം ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. കപ്പേളക്ക് മികച്ച പ്രെഡക്ഷൻ ഡിസൈനുള്ള പുരസ്കാരവും സ്വന്തമാക്കി. കാവ്യാ പ്രകാശ് സംവിധാനം ചെയ്ത വാങ്ക് ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി.
വിപുല്‍ ഷായാണ് ജൂറി ചെയര്‍മാന്‍. കേരളത്തില്‍ നിന്ന് വി.എച്ച്.പി പ്രസിഡന്റ് വിജി തമ്പി ജൂറിയിലുണ്ട്. സിനിമാ സൗഹൃദ സംസ്ഥാനമായി മധ്യപ്രദേശ് തെരഞ്ഞെടുക്കപ്പെട്ടു. രജതകമലവും സർട്ടിഫിക്കറ്റുമാണ് പുരസ്കാരം. ഈ വിഭാഗത്തിൽ പ്രത്യേക പുരസ്കാരം ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ സ്വന്തമാക്കി. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ചിത്രം ശോഭ തരൂര്‍ ശ്രിനിവാസന്‍ സംവിധാനം ചെയ്ത റാപ്‌സഡി ഓഫ് റയിന്‍സ്.- ദ മണ്‍സൂണ്‍ ഓഫ് കേരള. ഇതേ വിഭാഗത്തില്‍ മികച്ച ഛായാഗ്രാഹന്‍ നിഖില്‍ എസ് പ്രവീണ്‍ ശബ്ദിക്കുന്ന കലപ്പ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം അനൂപ് രാമകൃഷ്ണന്റെ 'എം.ടി- അനുഭവങ്ങളുടെ പുസ്തക'ത്തിന് ലഭിച്ചു.
പ്രധാന പുരസ്കാരങ്ങൾ
ഫീച്ചർ ഫിലിം : ദാദാ ലക്ഷ്മി
മികച്ച തെലുങ്ക് ചിത്രം : കളർ ഫോട്ടോ
തമിഴ് ചിത്രം : ശിവരഞ്ജിനിയും സില പെൺകളും
മലയാള ചിത്രം: തിങ്കളാഴ്ച നിശ്ചയം
പ്രത്യേക ജൂറി പുരസ്കാരം : സെംഖോർ
പ്രത്യേക ജൂറി പുരസ്കാരം രണ്ടാമത്തേത് - വാങ്ക് (കാവ്യ പ്രകാശ്)
സംവിധാനം : സച്ചി (അയ്യപ്പനും കോശിയും)
തിരക്കഥ : മണ്ഡേല
നടി : അപർണ ബാലമുരളി
നടൻ : സൂര്യ, അജയ് ദേവ്ഗൺ
സഹനടൻ : ബിജു മേനോൻ
സംഗീതസംവിധാനം : തമൻ (അല വൈകുണ്ഠപുരം ലോ), ജിവി പ്രകാശ് (സൂററൈ പോട്ര്)
സംഘട്ടനസംവിധാനം : മാഫിയാ ശശി, രാജശേഖർ (അയ്യപ്പനും കോശിയും)
എഡിറ്റിങ് : ശ്രീകർ പ്രസാദ് (ശിവരഞ്ജിനിയും സില പെൺകളും)
ഗായിക : നഞ്ചമ്മ (അയ്യപ്പനും കോശിയും)
സിനിമാ സംബന്ധിയായ പുസ്തകം : ദ ലോങ്ങസ്റ്റ് കിസ് (കിശ്വർ ദേശായി)
മികച്ച വിദ്യാഭ്യാസ ചിത്രം-ഡ്രീമിങ് ഓഫ് വേര്‍ഡ്‌സ് (മലയാളം, സംവിധായകന്‍ നന്ദന്‍)
കാവ്യപ്രകാശ് സംവിധാനം ചെയ്ത വാങ്കിന് ജൂറി നിര്‍ദ്ദേശം
പ്രൊഡക്ഷൻ ഡിസൈൻ : അനീസ് നാടോടി (കപ്പേള)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.