വിഷ വാതകചോർച്ച: ഹരിത ട്രൈബ്യൂണൽ ഇന്ന് കേസ് പരിഗണിക്കും
text_fieldsന്യുഡൽഹി: വിശാഖപട്ടണത്ത് എൽ.ജി ഫാക്ടറിയിലെ വാതക ചോർച്ച സംബന്ധിച്ച കേസ് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻ.ജി.ടി) വെള്ളിയാഴ്ച പരിഗണിക്കും. സംഭവത്തിൽ ട്രൈബ്യൂണൽ റിപ്പോർട്ട് തേടിയിരുന്നു.
എൻ.ജി.ടി ചെയർപേഴ്‌സൺ ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വാദം കേൾക്കുക. എൽ.ജി പോളിമേഴ്സ് കെമിക്കൽ പ്ലാൻറിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ വിഷവാതകചോർച്ചയിൽ 11 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർ കുഴഞ്ഞുവീഴുകയും ചെയ്തിരുന്നു. 20ഓളം പേർ വെൻറിലേറ്ററിെൻറ സഹായത്തോടെയാണ് ആശുപത്രിയിൽ കഴിയുന്നത്.
ജഡ്ജിമാരും ജോ. സെക്രട്ടറി പദവിയിൽ താഴെയല്ലാത്ത ഉദ്യോഗസ്ഥരും അടങ്ങുന്ന ഉന്നതതല സമിതി സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് എൻ.ജി.ഒ ആവശ്യപ്പെട്ടിരുന്നു. സെൻറർ ഫോർ വൈൽഡ് ഫയർ ആൻഡ് എൻവയോൺമെൻറൽ ലിറ്റിഗേഷൻ ഫൗണ്ടേഷൻ (സി.ഡബ്ല്യു.ഇ.എൽ) ആണ് ഈ ആവശ്യം ഉന്നയിച്ചത്.
വെള്ളിയാഴ്ച അർധരാത്രിയും പ്ലാൻറിൽ ചോർച്ചയുണ്ടായതിനെത്തുടർന്ന് അഞ്ച് കി.മീറ്റർ ചുറ്റളവിലുള്ളവരെ ഒഴിപ്പിച്ചു. രണ്ടുദിവസത്തേക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങരുതെന്ന് അധികൃതർ അറിയിച്ചു. പൂനെയിൽ നിന്നുള്ള ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ്)യാണ് രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.