നാഷനൽ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി
text_fieldsന്യൂഡൽഹി: നാഷനൽ ഹെറാൾഡ് കേസിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസിൽ അന്വേഷണം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഉടൻ രാഹുലിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോക്സഭയിൽ കേന്ദ്ര ബജറ്റ് ചർച്ചക്കിടെ നടത്തിയ ചക്രവ്യൂഹ പ്രസംഗത്തിനുശേഷം ഇ.ഡി തന്നെ ചോദ്യം ചെയ്യാൻ ആലോചിക്കുന്നതായി വിവരം ലഭിച്ചെന്ന് രാഹുൽ തന്നെ വെളിപ്പെടുത്തിയിരുന്നു. കേന്ദ്ര അന്വേഷണ ഏജൻസികൾക്കായി താൻ കാത്തിരിക്കുകയാണെന്നും രാഹുൽ ലോക്സഭയിൽ പറഞ്ഞിരുന്നു.
അന്വേഷണം പൂർത്തിയാക്കി പ്രോസിക്യൂഷൻ പരാതി സമർപ്പിക്കുന്നതോടെ വിചാരണ നടപടികൾ ആരംഭിക്കും. 2022 ജൂണിൽ കേസുമായി ബന്ധപ്പെട്ട് നാലു തവണയായി 40 മണിക്കൂറോളം രാഹുലിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. 2022 ജൂലൈയിൽ സോണിയ ഗാന്ധിയെ മൂന്നുദിവസങ്ങളിലായി 11 മണിക്കൂറും ചോദ്യം ചെയ്തു. കോൺഗ്രസ് ഉയർത്തിയ ശക്തമായ പ്രതിഷേധങ്ങൾക്കിടെയായിരുന്നു ഇത്. കേസുമായി ബന്ധപ്പെട്ട് 751 കോടിയുടെ സ്വത്ത് നേരത്തെ ഇ.ഡി കണ്ടുകെട്ടുകയും ചെയ്തു.
ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണ് സോണിയക്കും രാഹുലിനുമെതിരെ പരാതി നൽകിയത്. 2013ലാണ് സ്വാമി അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കോൺഗ്രസ് നേതാക്കളായ മോത്തിലാൽ വോറ, ഓസ്കർ ഫെർണാണ്ടസ് (ഇരുവരും അന്തരിച്ചു), മാധ്യമപ്രവർത്തകൻ സുമൻ ദുബെ, സാങ്കേതിക വിദഗ്ധൻ സാം പ്രിത്രോഡ എന്നിവരും കേസിൽ പ്രതികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.