നാഷണൽ ഹെറാൾഡ് കേസ്: രാഹുൽ ഗാന്ധി ഇ.ഡി ഓഫീസിലെത്തി; ജന്തർ മന്ദറിൽ കോൺഗ്രസ് സത്യാഗ്രഹം
text_fieldsന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിനായി രാഹുൽ ഗാന്ധി ഇ.ഡി ഓഫീസിലെത്തി. നാലാം ദിവസമാണ് ഇ.ഡി രാഹുലിനെ ചോദ്യം ചെയ്യുന്നത്. മൂന്ന് ദിവസം വൈകീട്ട് വരെ ചോദ്യം ചെയ്ത ശേഷവും കൂടുതൽ വിവരങ്ങൾ അറിയാനുണ്ടെന്ന് പറഞ്ഞാണ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി രാഹുലിനോട് ആവശ്യപ്പെട്ടത്.
അതേസമയം, ജന്തര്‍ മന്ദറില്‍ പ്രതിഷേധിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ജന്തര്‍ മന്ദറിലേക്കുള്ള എല്ലാ വഴികളും പൊലീസ് അടച്ചു. ഇതോടെ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.
പിന്നീട് മല്ലികാർജുൻ ഖാർഗെ, സൽമാൻ ഖുർശിദ്, കെ. സുരേഷ്, വി. നാരായണ സ്വാമി തുടങ്ങി മുതിർന്ന കോൺഗ്രസ് നേതാക്കൾ ജന്തർ മന്ദറിൽ സത്യാഗ്രഹം ഇരുന്നു.
രാഹുൽ ഗാന്ധിയെ വീണ്ടും ചോദ്യംചെയ്യുമ്പോൾ പുറത്ത് പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസിൻറെ തീരുമാനം. പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുഴുവൻ എം.പിമാരും ഡൽഹിയിലെത്തിയിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് തവണ രാഹുലിനെ ഇ.ഡി ചോദ്യം ചെയ്തപ്പോൾ എ.ഐ.സി.സി ആസ്ഥാനത്തും ഇ.ഡി ഓഫീസ് പരിസരത്തും വ്യാപക പ്രതിഷേധം നടന്നിരുന്നു. സമാനരീതിയിൽ ഇന്നും പ്രതിഷേധം മുന്നിൽ കണ്ട് നിരോധനാജ്ഞ തുടരുമെന്ന് ഡൽഹി പൊലീസ് അറിയിച്ചിട്ടുണ്ട്.
രാഹുലിനെതിരായ ഇ.ഡി നടപടി, അഗ്‌നിപഥ് തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് വൈകുന്നേരം അഞ്ച് മണിക്ക് കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതിയെ കാണും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.