നാഷനൽ ഹെറാൾഡ് കേസ്: രാഹുലിനെ ഒമ്പത് മണിക്കൂറിലേറെ ചോദ്യം ചെയ്ത് ഇ.ഡി; പിന്തുണയുമായി പ്രിയങ്കയും കോൺഗ്രസ് പ്രവർത്തകരും
text_fieldsന്യൂഡൽഹി: കോൺഗ്രസ് മുഖപത്രമായ നാഷനൽ ഹെറാൾഡിന്റെ സ്വത്ത് കൈമാറ്റത്തിൽ കള്ളപ്പണ ഇടപാട് സംശയിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാഹുൽ ഗാന്ധിയെ ഒമ്പത് മണിക്കൂറിലേറെ ചോദ്യം ചെയ്തു. അതേസമയം, കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ പ്രതികാരം തീർക്കാൻ ദുരുപയോഗിക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ പൊലീസ് ബലപ്രയോഗം. കെ.സി. വേണുഗോപാൽ അടക്കം നിരവധി എം.പിമാർക്ക് നേരെ കൈയേറ്റമുണ്ടായി.
രാഹുൽ ഗാന്ധിയെ പിന്തുണച്ച് ഇ.ഡി ഓഫിസിലേക്ക് പ്രകടനം നടത്താൻ ഒരുങ്ങിയ നേതാക്കളെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത് സംഘർഷസ്ഥിതിയുണ്ടാക്കി. മുഖ്യമന്ത്രിമാരായ അശോക് ഗെഹ് ലോട്ട്, ഭൂപേഷ് ബാഘേൽ എന്നിവരെയടക്കം കസ്റ്റഡിയിലെടുത്തു. എം.പിമാരായ വേണുഗോപാൽ, വി.കെ. ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ് തുടങ്ങിയവരെ പിടിച്ചുവലിച്ചാണ് പൊലീസ് വണ്ടിയിൽ കയറ്റിയത്. തുഗ്ലക് പൊലീസ് സ്റ്റേഷനിൽ എത്തിച്ച നേതാക്കൾ അവിടെ നടത്തിയ പ്രതിഷേധ സത്യഗ്രഹം രാഹുൽ ഗാന്ധിയെ ഇ.ഡി വിട്ടയച്ച ശേഷമാണ് അവസാനിപ്പിച്ചത്.
അക്ബർ റോഡിലെ എ.ഐ.സി.സി ആസ്ഥാനത്തുനിന്ന് രാഹുലിന്റെ നേതൃത്വത്തിൽ പ്രകടനമായി ഇ.ഡി ഓഫിസിലേക്കു പോകാനായിരുന്നു കോൺഗ്രസിന്റെ പരിപാടി. ഡൽഹി നഗരകേന്ദ്രത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചും റോഡുകളിൽ ബാരിക്കേഡ് തീർത്തും മണിക്കൂറുകൾ ഗതാഗതം തടഞ്ഞുമാണ് പൊലീസ് നേരിട്ടത്.
മുഖ്യമന്ത്രിമാർ ഉൾപ്പെടെ മുതിർന്ന നേതാക്കളെ രാഹുലിനൊപ്പം പോകാൻ അനുവദിച്ചില്ല. ഇ.ഡി ഓഫിസിലേക്ക് പ്രിയങ്കയുടെ വാഹനത്തിലാണ് രാഹുൽ പോയത്. മുഖ്യമന്ത്രിമാരായ അശോക് ഗെഹ് ലോട്ട്, ഭൂപേഷ് ബാഘേൽ, മുൻകേന്ദ്രമന്ത്രി പി. ചിദംബരം എന്നിവർ അനുഗമിച്ചു. അതേസമയം, മുതിർന്ന നേതാക്കളുടെ പ്രകടനം അക്ബർ റോഡിലെ മൂന്നാം ബാരിക്കേഡ് കടക്കാൻ പൊലീസ് അനുവദിച്ചില്ല. പിരിഞ്ഞു പോകാൻ കൂട്ടാക്കാതെ കുത്തിയിരുന്ന എല്ലാവരെയും ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. ഇതിനിടയിൽ വേണുഗോപാലിന്റെ ഷർട്ട് വലിച്ചു കീറി. കഴിഞ്ഞ ദിവസം വരെ കോവിഡ് ബാധിതനായി വിശ്രമത്തിലായിരുന്ന വേണുഗോപാൽ സ്റ്റേഷനിൽ കുഴഞ്ഞു വീണു. എം.പിമാരുടെ സത്യഗ്രഹം പൊലീസ് സ്റ്റേഷനിൽ തുടർന്നപ്പോൾ ഐക്യദാർഢ്യവുമായി പ്രിയങ്ക സ്റ്റേഷനിലെത്തി. ഇതിനെല്ലാമിടയിൽ രണ്ടു തവണയായി എട്ടു മണിക്കൂറിലേറെയാണ് രാഹുൽ ഗാന്ധിയെ ഇ.ഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. രാവിലെ 11.30ഓടെയാണ് മൊഴിയെടുക്കൽ തുടങ്ങിയത്.
കള്ളപ്പണ നിരോധന നിയമത്തിന്റെ 50ാം വകുപ്പു പ്രകാരം രാഹുൽ മൊഴി എഴുതി നൽകിയിരുന്നു. ഉച്ചഭക്ഷണത്തിന് രണ്ടു മണിക്ക് 'ഇടവേള' അനുവദിച്ചപ്പോൾ പുറത്തിറങ്ങിയ രാഹുൽ കോവിഡ് ചികിത്സയിലായ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ പ്രിയങ്കക്കൊപ്പം ആശുപത്രിയിൽ ചെന്നുകണ്ട് ആരോഗ്യസ്ഥിതി തിരക്കി മടങ്ങി. വീണ്ടും 3.30ന് ഇ.ഡി ആസ്ഥാനത്ത് എത്തി.
അസിസ്റ്റന്റ് ഡയറക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ചോദ്യങ്ങൾ ഉന്നയിച്ചത്. നാഷനൽ ഹെറാൾഡിന്റെയും പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റിഡിന്റെയും പ്രവർത്തനം, കോൺഗ്രസ് നൽകിയ വായ്പ, ഉടമകളായി യങ് ഇന്ത്യൻ എന്ന കമ്പനി രൂപവത്കരിച്ച സാഹചര്യം, ഓഹരി പങ്കാളിത്തം, ആസ്തി കൈമാറ്റം തുടങ്ങിയ കാര്യങ്ങളിലായിരുന്നു മൊഴി രേഖപ്പെടുത്തിയത്. നാഷനൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, പവൻ ബൻസാൽ എന്നിവരെ മുമ്പ് ചോദ്യം ചെയ്തിരുന്നു. 23നാണ് സോണിയ ഗാന്ധിയെ ഇ.ഡി വിളിച്ചിട്ടുള്ളത്.
രാഹുലിനെ ഇ.ഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് ഡൽഹിക്കു പുറമെ കേരളം, ഹരിയാന, മധ്യപ്രദേശ്, യു.പി തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.