‘നാഷനൽ ഹെറാൾഡ്’ എഡിറ്റർ ഇൻ ചീഫ് നീലഭ് മിശ്ര അന്തരിച്ചു
text_fieldsചെന്നൈ: പ്രമുഖ പത്രപ്രവർത്തകനും ഡൽഹി ആസ്ഥാനമായ കോൺഗ്രസ് മുഖപത്രം ‘നാഷനൽ ഹെറാൾഡ്’ എഡിറ്റർ ഇൻ ചീഫുമായ നീലഭ് മിശ്ര (57) അന്തരിച്ചു. അസുഖത്തെ തുടർന്ന് അപ്പോളോ ആശുപത്രിയിലാണ് നിര്യാണം. കരൾ സംബന്ധമായ അസുഖം കാരണം ഇൗ മാസാദ്യമാണ് ഇവിടെ പ്രവേശിപ്പിച്ചത്. തുടർന്ന്, കരൾ മാറ്റിവെച്ചെങ്കിലും പല അവയവങ്ങളുടെയും പ്രവർത്തനം നിലച്ചിരുന്നു. സംസ്കാര ചടങ്ങ് ശനിയാഴ്ച വൈകീട്ട് നുങ്കമ്പാക്കത്ത് നടന്നു. ഭാര്യ: കവിത ശ്രീവാസ്തവ. സഹോദരൻ: ശൈലോജ് കുമാർ.
1938ൽ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ജവഹർലാൽ നെഹ്റുവാണ് ‘നാഷനൽ ഹെറാൾഡ്’ ദിനപത്രം ആരംഭിച്ചത്. സ്വാതന്ത്ര്യാനന്തരം ക്രമേണ സർക്കുലേഷൻ കുറഞ്ഞതിനാൽ 2008ൽ ‘നാഷനൽ ഹെറാൾഡും’ ഉർദു പതിപ്പ് ‘ഖൗമി ആവാസും’ അടച്ചുപൂട്ടി.
2016ൽ ‘നാഷനൽ ഹെറാൾഡ്’ പുനഃപ്രസിദ്ധീകരണത്തിന് ചുക്കാൻ പിടിച്ചത് നീലഭ് മിശ്രയാണ്. ഡിജിറ്റൽ വാർത്ത വെബ്സൈറ്റായാണ് ഒമ്പത് വർഷത്തെ ഇടവേളക്കുശേഷം വീണ്ടും വായനക്കാരിലെത്തിയത്. 2017ൽ ‘നാഷനൽ ഹെറാൾഡ് ഒാൺ സൺഡേ’ എന്ന പേരിൽ ഞായറാഴ്ചകളിൽ അച്ചടിച്ച് ഇറക്കാൻ തുടങ്ങി. ഇതോടൊപ്പം സഹോദര പ്രസിദ്ധീകരണങ്ങളായ ഹിന്ദി പത്രം ‘നവ്ജീവൻ’, ഉർദു പത്രം ‘ഖൗമി ആവാസ്’ എന്നിവ വാർത്ത വെബ്സൈറ്റുകളായും പ്രസിദ്ധീകരണം തുടങ്ങി.
1968ൽ ജനിച്ച നീലഭ് മിശ്ര ‘നവ്ഭാരത് ടൈംസ്’ ലേഖകനായാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. പിന്നീട് രാജസ്ഥാനിലെ ജയ്പുരിൽ ‘ന്യൂസ് ടൈംസ്’ ലേഖകനായി. 1998ൽ രാജസ്ഥാനിൽ ‘ഇൗനാട് ടി.വി’ സ്ഥാപിച്ചു. വർഷങ്ങളോളം ‘ഒൗട്ട്ലുക്ക് ഹിന്ദി’ എഡിറ്ററായും പ്രവർത്തിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, സോണിയ ഗാന്ധി തുടങ്ങിയവർ അനുശോചിച്ചു. എഡിറ്റർമാരുടെ എഡിറ്ററാണ് നീലഭ് മിശ്രയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.