യങ് ഇന്ത്യൻ ഓഫിസ് മുദ്രവെച്ച് ഇ.ഡി
text_fieldsന്യൂഡൽഹി: കഴിഞ്ഞ ദിവസം താൽക്കാലികമായി മുദ്ര വെച്ച യങ് ഇന്ത്യനിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയെ ഇ.ഡി സമൻസ് നൽകി ഇതിനായി വിളിച്ചു വരുത്തിയത് പാർലമെന്റിൽ ഒച്ചപ്പാട് സൃഷ്ടിച്ചു. കോൺഗ്രസ് മുഖപത്രമായ നാഷനൽ ഹെറാൾഡിന്റെ നടത്തിപ്പിന് രൂപവത്കരിച്ച കമ്പനിയാണ് യങ് ഇന്ത്യൻ. നാഷനൽ ഹെറാൾഡ് കഴിഞ്ഞ ദിവസം ഇ.ഡി റെയ്ഡ് ചെയ്തിരുന്നു.
എന്നാൽ ഹെറാൾഡ് ഹൗസിലെ ഒരു മുറിയിൽ പ്രവർത്തിക്കുന്ന യങ് ഇന്ത്യൻ കമ്പനി ഓഫിസിൽ റെയ്ഡ് നടന്നില്ല. സാക്ഷിയാകാൻ ബന്ധപ്പെട്ട കോൺഗ്രസ് നേതാക്കളാരും ഇല്ലാതെ വന്നതിനെ തുടർന്നാണ് ബുധനാഴ്ച ഓഫിസ് ഇ.ഡി താൽക്കാലികമായി മുദ്രവെച്ചത്. കമ്പനിയുടെ പ്രധാന ഭാരവാഹിയായ മല്ലികാർജുൻ ഖാർഗെക്ക് വ്യാഴാഴ്ച ഹാജരാകാൻ സമൻസ് അയക്കുകയും ചെയ്തു.
പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ ഉച്ചക്ക് 12.40നാണ് ഖാർഗെ ഹെറാൾഡ് ഹൗസിൽ എത്തിയത്. തുടർന്ന് റെയ്ഡ് പുനരാരംഭിച്ചു. അതേസമയം, പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കേണ്ട പ്രതിപക്ഷ നേതാവിനെ സമൻസ് അയച്ച് വിളിച്ചു വരുത്തിയത് അനൗചിത്യമാണെന്ന് പ്രതിപക്ഷം പാർലമെന്റിൽ കുറ്റപ്പെടുത്തി.
രാഷ്ട്രീയ പ്രതികാരത്തിന് മോദിസർക്കാർ ദുരുപയോഗിച്ചു വരുന്ന ഇ.ഡിയുടെ ഈ നടപടി ഉചിതമാണോ എന്ന ചോദ്യം ഖാർഗെ തന്നെ രാജ്യസഭയിൽ ഉന്നയിക്കുകയും ചെയ്തു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്ക് യങ് ഇന്ത്യൻ കമ്പനിയിൽ 38 ശതമാനം വീതമാണ് ഓഹരി.
യങ് ഇന്ത്യൻ ഓഫിസ് സീൽ ചെയ്തത് താൽക്കാലിക നടപടിയായി ഇ.ഡി വിശേഷിപ്പിച്ചു. രണ്ടു ദിവസമായി റെയ്ഡിന് എത്തിയപ്പോൾ കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ആരെയും കാണാത്ത സാഹചര്യത്തിലാണ് സീൽ ചെയ്തത്. റെയ്ഡ് നടപടികൾ പൂർത്തിയാക്കുന്നതിന് ഹാജരാകാൻ യങ് ഇന്ത്യന്റെ ഭാരവാഹിയായ രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെക്ക് സമൻസ് അയച്ചിട്ടുണ്ട്.
ഉത്തരവാദപ്പെട്ടയാളുടെ സാന്നിധ്യത്തിൽ റെയ്ഡും രേഖാപരമായ നടപടിയും പൂർത്തിയാക്കിയ ശേഷം കമ്പനി ഓഫിസ് തുറക്കാൻ കഴിയുമെന്ന് ഇ.ഡി കേന്ദ്രങ്ങൾ പറഞ്ഞു. സംഭവവികാസങ്ങൾ മുതിർന്ന കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, സൽമാൻ ഖുർഷിദ്, പി. ചിദംബരം, പവൻ ബൻസാൽ തുടങ്ങിയവർ ചർച്ചചെയ്തു. പാർട്ടിയെ സർക്കാറും കേന്ദ്ര ഏജൻസിയും ചേർന്ന് ബന്ദിയാക്കുകയാണെന്നും വകവെക്കില്ലെന്നും മുതിർന്ന നേതാക്കളായ ജയ്റാം രമേശ്, അഭിഷേക് സിങ്‍വി എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
അത്യന്തം മോശമായ പകപോക്കൽ രാഷ്ട്രീയമാണ് മോദിസർക്കാർ കാണിക്കുന്നത്. ഏറ്റവും പഴക്കമുള്ള പാർട്ടിയെ നിശ്ശബ്ദമാക്കാൻ ഇതുകൊണ്ട് കഴിയില്ല. വിലക്കയറ്റം, തൊഴിലില്ലായ്മ, ജി.എസ്.ടി പിഴവ് എന്നിവ മുൻനിർത്തി വെള്ളിയാഴ്ച നടത്താനിരിക്കുന്ന കോൺഗ്രസിന്റെ പ്രതിഷേധ പരിപാടികൾ ഒരു മാറ്റവുമില്ലാതെ മുന്നോട്ടു പോകുമെന്ന് എ.ഐ.സി.സി നേതാവ് അജയ് മാക്കൻ പറഞ്ഞു. എം.പിമാർ രാഷ്ട്രപതി ഭവനിലേക്കും എ.ഐ.സി.സി ഭാരവാഹികൾ പ്രധാനമന്ത്രിയുടെ വസതിയിലേക്കും മാർച്ച് നടത്തും. പ്രകടനം പാടില്ലെന്ന പൊലീസ് കമീഷണറുടെ നിർദേശം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.