ദേശീയപാത വികസനം: കേരളത്തിൽ 70 ശതമാനം തുകയും വേണ്ടിവരുന്നത് സ്ഥലം ഏറ്റെടുക്കാൻ
text_fieldsന്യൂഡൽഹി: കേരളത്തിെൻറ ദേശീയപാത വികസനത്തിെൻറ 70 ശതമാനം ചെലവ് സ്ഥലം ഏറ്റെടുക്കലിനാണെന്നും 30 ശതമാനം മാത്രമാണ് റോഡ് നിർമാണ ചെലവെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി രാജ്യസഭയിൽ പറഞ്ഞു. റോഡ് നിർമാണ സാമഗ്രികളുടെ ജി.എസ്.ടിയില്‍നിന്ന് ലഭിക്കുന്ന നികുതി സ്ഥലം ഏറ്റെടുക്കലിനുള്ള മൂലധനനിക്ഷേപമായി കേരളം നല്കിയാല് എത്രയും പെട്ടെന്ന് ദേശീയപാത വികസനം നടപ്പാക്കാമെന്നും ഗഡ്ഗരി പറഞ്ഞു. രാജ്യസഭയിൽ ജോസ് കെ. മാണിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ദേശീയപാത വികസനത്തിന് ആവശ്യമായ സാമ്പത്തിക സഹായം ദേശസാല്‍കൃത ബാങ്കുകള്‍ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് ലഭിക്കാത്തതിനാല്‍ പവര്‍ ഫിനാന്‍സ് കോർപറേഷൻ പോലെ സ്വതന്ത്ര ധനകാര്യ സ്ഥാപനം ആരംഭിക്കും. നിലവില്‍ ദേശീയപാത വികസന ഫണ്ടിങ്ങിന് ഉപയോഗിക്കുന്ന ഹൈബ്രിഡ് ആനുവിറ്റി മോഡല്‍ (ഹാം) പ്രകാരം 123 ദേശീയപാത വികസന പദ്ധതികളിലായി 1,40,000 കോടി രൂപയാണാവശ്യം.
ഹാം പദ്ധതിയില്‍ സ്ഥലം ഏറ്റെടുക്കലിെൻറ വിലയും പദ്ധതിയുടെ 40 ശതമാനവും കേന്ദ്ര സര്‍ക്കാര്‍ നല്കുമ്പോള് ബാക്കി 60 ശതമാനം പദ്ധതി നടപ്പാക്കുന്ന സ്വകാര്യ ഏജന്‍സി ബാങ്കുകളില്‍നിന്ന് കണ്ടെത്തണം. മിക്ക ദേശീയപാത പദ്ധതികളെയും ഇപ്പോള്‍ സഹായിക്കുന്നത് സ്വകാര്യ ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളുമാണെന്നും ദേശസാല്‍കൃത ബാങ്കുകള്‍ ഈ പദ്ധതിക്കെതിരെ മുഖംതിരിഞ്ഞു നില്‍ക്കുകയാണെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.