ദേശീയപാതക്കും റെയിൽപാതക്കും കുന്നിടിക്കാനും മണ്ണെടുക്കാനും പാരിസ്ഥിതികാനുമതിവേണം
text_fieldsന്യൂഡൽഹി: ദേശീയപാത അടക്കമുള്ള റോഡുകൾക്കും റെയിൽപാതകൾക്കും കുന്നിടിച്ച് മണ്ണെടുക്കാൻ പാരിസ്ഥിതികാനുമതി വേണമെന്ന് സുപ്രീംകോടതി വിധിച്ചു. ഇത്തരം പ്രവൃത്തികൾക്ക് പാരിസ്ഥിതികാനുമതി ഇല്ലാതാക്കി കേന്ദ്ര സർക്കാർ 2020 മാർച്ച് 28നും 2023 ആഗസ്റ്റ് 30നും പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾ റദ്ദാക്കിയാണ് ജസ്റ്റിസുമാരായ അഭയ് എസ്. ഓഖ, സഞ്ജയ് കരോൾ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി.
ഈ വിജ്ഞാപനങ്ങൾക്കെതിരെ നോബിൾ എം. പൈക്കട സമർപ്പിച്ച ഹരജി ഭാഗികമായി അംഗീകരിച്ച സുപ്രീംകോടതി രണ്ട് വിജ്ഞാപനങ്ങളിലെയും ആറാമത്തെ ഇനം റദ്ദാക്കുകയായിരുന്നു.
റോഡുകൾ, റെയിൽ പദ്ധതികൾക്കുവേണ്ടി കുന്നിടിച്ച് മണ്ണെടുക്കുന്നതിന് പാരിസ്ഥികാനുമതി ഇല്ലാതാക്കാൻ 2006ലെ പാരിസ്ഥിതികാഘാത നിർണയ വിജ്ഞാപനത്തിൽ ഭേദഗതി വരുത്തി വനം പരിസ്ഥിതി മന്ത്രാലയം 2020 മാർച്ച് 28ന് പുറപ്പെടുവിച്ച വിജ്ഞാപനമാണ് നോബിൾ ആദ്യം ചോദ്യം ചെയ്തത്.
തുടർന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ പ്രസ്തുത വിജ്ഞാപനം പുനഃപരിശോധിക്കാനും പാരിസ്ഥിതികമായ സുരക്ഷ മാനദണ്ഡങ്ങൾ ഉൾപ്പെടുത്താനും വനം പരിസ്ഥിതി മന്ത്രാലയത്തോടു നിർദേശിച്ചു. എന്നാൽ, പുനഃപരിശോധനക്കുപകരം ചില മാർഗരേഖകൾ മാത്രമാണ് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചതെന്ന് നോബിൾ സുപ്രീംകോടതിയിൽ ബോധിപ്പിച്ചിരുന്നു.
മതിയായ സംരക്ഷണ നടപടികളില്ലാതെ കണക്കില്ലാത്ത തരത്തിൽ ഭൂമി കുഴിച്ചും തരം മാറ്റിയുമുള്ള പ്രവൃത്തികൾ അനുവദിക്കാനാവില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് വ്യക്തമാക്കിയതാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
അതുകൊണ്ടാണ് റോഡ്, പൈപ്പ് ലൈൻ തുടങ്ങിയ പദ്ധതികൾക്കുള്ള പ്രവൃത്തികൾക്ക് പാരിസ്ഥികാനുമതി ഒഴിവാക്കിയ 2020 മാർച്ച് 28ലെ വിജ്ഞാപനം പുനഃപരിശോധിക്കാനും പാരിസ്ഥിതിക സുരക്ഷാ മാനദണ്ഡങ്ങൾ ഉൾപ്പെടുത്താനും ഹരിത ട്രൈബ്യൂണൽ നിർദേശം നൽകിയത്.
എന്നാൽ, ഇത് പാലിക്കാതെയാണ് 2023 ആഗസ്റ്റ് 30നുള്ള വിജ്ഞാപനത്തിലും പഴയ വിജ്ഞാപനത്തിലെ ആറാമത്തെ ഇനം ഉൾപ്പെടുത്തിയതെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. രണ്ട് വിജ്ഞാപനങ്ങളും ഏകപക്ഷീയവും പരിസ്ഥിതി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധവുമാണെന്ന് കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.