ദേശീയ നേതാക്കൾക്ക് അഗ്നിപരീക്ഷ
text_fieldsഭോപാൽ: ഒരു സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഇത്രയേറെ ദേശീയ നേതാക്കളുടെ രാഷ്ട്രീയ ഭാവി നിർണയിക്കുന്നത് ഒരു പക്ഷേ, ചരിത്രത്തിലാദ്യമായിരിക്കും. മുഖ്യമന്ത്രിക്കും മുൻ മുഖ്യമന്ത്രിക്കും പുറമെ കേന്ദ്ര മന്ത്രിമാർക്കും എം.പിമാർക്കും കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ദേശീയ ഭാരവാഹിക്കും മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് അഗ്നിപരീക്ഷയാകുകയാണ്.
സ്വന്തം നിയോജക മണ്ഡലങ്ങളിൽ നില ഭദ്രമാക്കി ജയമുറപ്പിച്ച മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും മുൻ മുഖ്യമന്ത്രി കമൽനാഥിനും സംസ്ഥാനത്ത് ഭരണം പിടിക്കാനായില്ലെങ്കിൽ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള കൂടുമാറ്റം അസാധ്യമാകും. ബുധ്നിയിൽ ശിവരാജിന്റെയും ചിന്ദ്വാഡയിൽ കമൽനാഥിന്റെയും ജയത്തിൽ എതിരാളികൾക്കുപോലും സംശയമില്ല. ഒമ്പതു തവണ ചിന്ദ്വാഡയിൽനിന്ന് ലോക്സഭയിലെത്തിയ കമൽനാഥ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് 2019ലെ ഉപ തെരഞ്ഞെടുപ്പിൽ നിയമസഭയിൽ എത്തിയത്.
കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ മൊറേനയിലെ ദിംനിയിൽ കോൺഗ്രസിന്റെ സിറ്റിങ് എം.എൽ.എ രവീന്ദ്ര സിങ് തോമറിനെതിരെയും ഒ.ബി.സി നേതാവായ കേന്ദ്ര മന്ത്രി പ്രഹ്ളാദ് പട്ടേൽ നരസിംഗ്പുരിൽ കോൺഗ്രസിന്റെ സിറ്റിങ് എം.എൽ.എയായ സ്വന്തം സഹോദരൻ ജലം സിങ് പട്ടേലിനെതിരെയും ആദിവാസി നേതാവായ കേന്ദ്ര മന്ത്രി ഫഗ്ഗൻ സിങ്ങ് കുലസ്തെ കഴിഞ്ഞ തവണ കോൺഗ്രസ് ജയിച്ച നിവാസിലും ജനവിധി തേടുകയാണ്.
ബി.ജെ.പിയിലേക്ക് കൂറുമാറിയ കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മത്സരിക്കുന്നില്ലെങ്കിലും സ്വന്തം മേഖലയായ ഗ്വാളിയോർ-ചമ്പലിലെ 34 സീറ്റുകളിലെ ഫലം ബി.ജെ.പിക്ക് അനുകൂലമാക്കേണ്ട നിർബന്ധിതാവസ്ഥയിലാണ്. സ്വന്തം മകനെ എം.എൽ.എ ആക്കി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിന്നിരുന്ന ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാശ് വിജയവർഗ്യയെയാണ് കോൺഗ്രസ് ജയിച്ച ഇന്ദോർ -ഒന്ന് മണ്ഡലം പിടിക്കാനിറക്കിയത്.
എം.പിമാരായ റിതി പാഠകിനെ സിദ്ധിയിലും രാകേഷ് സിങ്ങിനെ ജബൽപുർ വെസ്റ്റിലും ഗണേശ് സിങ്ങിനെ സത്നയിലും ഉദയപ്രതാപ് സിങ്ങിനെ ഗഡർവാറിലും ബി.ജെ.പി സ്ഥാനാർഥികളാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.