തീവ്രവാദ പ്രവർത്തനങ്ങളും ഹവാല ഇടപാടും നിരീക്ഷിക്കാൻ ദേശീയ ഡേറ്റാബേസ് വികസിപ്പിക്കും -അമിത് ഷാ
text_fieldsബംഗളൂരു: ഹവാല ഇടപാടും തീവ്രവാദ പ്രവർത്തനങ്ങളും ഉൾപ്പെടെ ദേശവിരുദ്ധ കാര്യങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക ദേശീയ ഡേറ്റാബേസ് സർക്കാർ വികസിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ബംഗളൂരുവിലെ നാഷനൽ ഇന്റലിജൻസ് ഗ്രിഡ് (നാറ്റ്ഗ്രിഡ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കള്ളനോട്ട്, മയക്കുമരുന്ന്, ബോംബ് ഭീഷണി, അനധികൃത ആയുധക്കടത്ത്, തീവ്രവാദ പ്രവർത്തനം, തീവ്രവാദത്തിനായുള്ള ഫണ്ട് ശേഖരണം, ഹവാല ഇടപാട് തുടങ്ങിയ എല്ലാ കാര്യങ്ങൾക്കുമായിട്ടായിരിക്കും പ്രത്യേക ഡേറ്റാബേസ് ഉണ്ടാക്കുക. ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ രഹസ്യാന്വേഷണ ഏജൻസികൾക്ക് വേഗത്തിൽ ഉപയോഗിച്ച് ഇത്തരം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയാനാകും.
ഇത്തരം ആധുനികവത്കരണത്തിലൂടെ അന്വേഷണ ഏജൻസികളുടെ പ്രവർത്തനരീതി മാറ്റാനാകും. നാഷനൽ ഇന്റലിജൻസ് ഗ്രിഡിന്റെ ഉദ്ഘാടനം ഇത്തരത്തിലുള്ള വിവരശേഖരണത്തിനും ക്രോഡീകരണത്തിനും ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതിർത്തികളിൽ കടന്നുകയറാൻ വരുന്നവരെ അമേരിക്കയെയും ഇസ്രായേലിനെയുംപോലെ ഇന്ത്യയും തിരിച്ചടിക്കുമെന്ന് സർജിക്കൽ സ്ട്രൈക്കോടെ എല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. മുമ്പത്തെ കോൺഗ്രസ് സർക്കാറുകൾ തീവ്രവാദ ആക്രമണം ഉണ്ടാകുമ്പോൾ വെറുതെ പ്രസ്താവനയിറക്കും. നരേന്ദ്രമോദി സർക്കാർ വന്നപ്പോൾ കാര്യങ്ങൾ മാറി. നേരത്തേ അതിർത്തികളിൽ കടന്നുകയറുന്നവരെ അമേരിക്കയും ഇസ്രായേലുമായിരുന്നു നേരിട്ടിരുന്നതെങ്കിൽ ഇപ്പോൾ നരേന്ദ്രമോദിക്ക് കീഴിൽ നമ്മളും തിരിച്ചടിച്ചുകൊണ്ട് അവരെ പോലെയായി തീർന്നുവെന്നും അദ്ദേഹം പറഞ്ഞു.
കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര തുടങ്ങിയവർ പങ്കെടുത്തു. നാറ്റ്ഗ്രിഡിലൂടെ 11 കേന്ദ്ര ഏജൻസികൾക്കും സംസ്ഥാന പൊലീസ് വകുപ്പിനും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കും. അന്വേഷണ ഏജൻസികൾ തമ്മിലുള്ള ഏകോപനത്തിനും വിവര കൈമാറ്റത്തിനും ഇത് ഏറെ സഹായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.