ദേശീയ ഷൂട്ടിങ് താരം അക്രമികളെ വെടിവെച്ചിട്ട് ബന്ധുവിനെ രക്ഷിച്ചു
text_fieldsന്യൂഡൽഹി: ബന്ധുവിെൻറ ജീവൻ അക്രമികളിൽനിന്നു രക്ഷിക്കാൻ തെൻറ കായികമികവ് പുറത്തെടുത്ത് ദേശീയ ഷൂട്ടിങ് താരം അയിഷ ഫലാഖ്. അക്രമികൾ തട്ടികൊണ്ടുപോയ ഭർതൃസഹോദരനെ രക്ഷിക്കാൻ ഷൂട്ടിങ് താരവും പരിശീലകയുമായ അയിഷ അവർക്കെതിരെ വെടിയുതിർക്കുകയായിരുന്നു. അയിഷ വെടിവച്ചിട്ട രണ്ട് അക്രമികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അയിഷയുടെ തോക്കിന് ലൈസൻസുള്ളതിനാലും സ്വയരക്ഷക്കും ഭർതൃസഹോദരെൻറ ജീവൻ രക്ഷിക്കാനും വേണ്ടിയായതിനാലും ഇവർക്ക് നിയമപരിരക്ഷ ലഭിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ഡൽഹി സർവകലാശാല വിദ്യാർഥിയായ ആസിഫ് ഒഴിവു സമയത്ത് ഡ്രൈവറായി ജോലി ചെയ്തിരുന്നു. ശനിയാഴ്ച പുലർച്ചെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആസിഫിെൻറ കാറിൽ രണ്ടുപേർ കയറി. വിജനമായ സ്ഥലത്തെത്തിയപ്പോൾ ഇവർ ആസിഫിനെ ആക്രമിക്കുകയും പഴ്സ് തട്ടിയെടുക്കുകയും ചെയ്തു. പക്ഷേ പഴ്സിൽ 150 രൂപയേ ഉണ്ടായിരുന്നുള്ളൂ. പണമില്ലെന്നു കണ്ടതോടെ ഇരുവരും ആസിഫിനെ ക്രൂരമായി മർദ്ദിച്ച് വീട്ടിലേക്കു ഫോൺ വിളിപ്പിച്ചു. ശാസ്ത്രി പാർക്കിലേക്ക് ഒരു മണിക്കൂറിനകം 25,000 രൂപയുമായി വന്നാൽ ആസിഫിനെ ജീവനോടെ കൊണ്ടുപോകാം എന്നായിരുന്നു ഭീഷണി.
വീട്ടുകാർ ഉടൻ പൊലീസിനെ വിവരമറിയിച്ചു. പൊലീസിനൊപ്പം അയിഷയും ഭർത്താവും ശാസ്ത്രി പാർക്കിലേക്കു പോയി. പൊലീസ് സാന്നിദ്ധ്യം മനസിലാക്കിയ അക്രമികൾ ദൂരേക്കു കാറോടിച്ചുപോയി. കുറച്ചുസമയത്തിനുശേഷം വീണ്ടും ബന്ധപ്പെട്ട ആക്രമികൾ ഭജൻപുരയിൽ പൊലീസില്ലാതെ പണവുമായി വരണമെന്നാവശ്യപ്പെട്ടു.
അയിഷയും ഭർത്താവും കാറിൽ അവരെ പിന്തുടരുകയും അക്രമികളെ കണ്ടതും വെടിയുതിർക്കുകയായിരുന്നു. അപ്രതീക്ഷിത അക്രമണത്തിൽ പകച്ചുപോയ സംഘം ആസിഫിനെ ഉപേക്ഷിച്ചു. ഒരാളുടെ അരക്കെട്ടിലും മറ്റേയാളുടെ കാലിലുമാണ് വെടിയേറ്റത്. രക്ഷപ്പെട്ടോടാൻ ശ്രമിച്ച ഇരുവരെയും പൊലീസ് പിന്തുടർന്നു പിടികൂടി. 2015 ലെ നോർത്ത് സോൺ ഷൂട്ടിങ്ങിൽ വെങ്കല മെഡൽ ജേതാവാണ് അയിഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.