'കർഷകർ വിഷം കഴിച്ചാൽ ആശങ്കയില്ല; പക്ഷേ, അവർ പിസ്സ തിന്നാൽ അതു വാർത്തയാണ്'
text_fieldsന്യൂഡൽഹി: കരിനിയമങ്ങൾക്കെതിരെ സമരം നടത്തുന്ന കർഷകർ പിസ്സ കഴിക്കുന്നത് ദേശീയ മാധ്യമങ്ങൾ ആക്ഷേപകരമായ വാർത്തയാക്കിയതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം. വിള നശീകരണവും വിലക്കുറവും കാരണം ജീവിതം ദുരിതത്തിലായ കർഷകർ ആത്മഹത്യ ചെയ്യാൻ വിഷം കഴിക്കുേമ്പാൾ ആശങ്കപ്പെടാത്തവരാണ് അവർ പിസ്സ കഴിക്കുന്നുവെന്ന് േകൾക്കുേമ്പാഴേക്ക് അത് വാർത്തയാക്കുന്നതെന്ന് ട്വിറ്ററാറ്റികൾ ചൂണ്ടിക്കാട്ടുന്നു.
'ആദ്യം ബിരിയാണി, ഇപ്പോൾ പിസ്സ: പ്രതിഷേധിക്കുന്ന കർഷകർക്ക് 'ആഡംബര' ഭക്ഷണം' എന്ന തലക്കെട്ടിലാണ് ദേശീയ മാധ്യമങ്ങൾ പലതും വാർത്ത നൽകിയത്. കരിനിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ വീറോടെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഭക്ഷണവും മറ്റുമടക്കം നിരവധി സംഘടനകളാണ് സഹായ ഹസ്തവുമായെത്തുന്നത്. സമരക്കാർക്കിടയിൽ വയോധികർ ഏറെയുള്ളതിനാൽ രാജ്യാന്തര സന്നദ്ധ സംഘടനയായ ഖൽസ എയ്ഡ് 'ഫൂട് മസാജ് സെൻറർ' അടക്കം തുടങ്ങിയിട്ടുണ്ട്.
ഇത്തരത്തിൽ ബർമിയിൽനിന്നുള്ള ഭാരതീയ കിസാൻ യൂനിയൻ പ്രവർത്തകർ ഭക്ഷണമായി പിസ്സ നൽകുന്നതിനെയാണ് ചില മാധ്യമങ്ങളും സംഘ്പരിവാർ അനുകൂലികളും ചോദ്യം ചെയ്യുന്നത്. യഥാർഥ കർഷകർ പാടത്താണെന്നും ഡൽഹി അതിർത്തിയിൽ നടക്കുന്നത് പ്രതിഷേധമല്ല, പിസ്സ പാർട്ടിയാണെന്നും സംഘ്പരിവാർ കേന്ദ്രങ്ങൾ ആരോപിക്കുന്നു.
ഇതിന് ചുട്ട മറുപടിയാണ് ട്വിറ്റർ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്. സംഘ്പരിവാർ ചായ്വുള്ള 'ഗോഡി മീഡിയ' സമരത്തെ താറടിച്ചുകാട്ടാൻ മനഃപൂർവം നടത്തുന്ന ശ്രമമായി ഇതിനെ പലരും ചൂണ്ടിക്കാട്ടുന്നു. സമരത്തിന് ലഭിക്കുന്ന അഭൂതപൂർവമായ പിന്തുണയിൽ വിറളിപൂണ്ടാണ് ഏതുവിധേനയും ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമമെന്നും പ്രതിഷേധത്തിന് പിന്തുണ നൽകുന്നവർ പറയുന്നു.
'വിഷം കഴിക്കുന്ന കർഷകർ ഒരിക്കലും ആശങ്കയായിരുന്നില്ല, പക്ഷേ, അവർ പിസ്സ കഴിക്കുേമ്പാൾ അത് വാർത്തയാണ്' എന്ന് കറുപ്പ് പ്രതലത്തിൽ എഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായി ഷെയർ ചെയ്യപ്പെടുന്നത്. നടനും ഗായകനുമായ ദിൽജിത് ദോസഞ്ച് ഷെയർ ചെയ്ത ഈ കുറിപ്പിന് ഒന്നര മണിക്കൂറിനകം 30000ത്തോളം ലൈക്കാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.