മീഡിയവൺ വിലക്ക്: ഹൈകോടതി വിധി തെറ്റായ സന്ദേശമെന്ന് ദേശീയപത്രങ്ങൾ
text_fieldsന്യൂഡൽഹി: മീഡിയവൺ ചാനലിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രേഷണ വിലക്ക് ശരിവെച്ചതിലൂടെ കേരള ഹൈകോടതി നൽകുന്നത് തെറ്റായ സന്ദേശമെന്ന് പ്രമുഖ ഇംഗ്ലീഷ് ദിനപത്രങ്ങളായ 'ദി ഹിന്ദുവും' 'ദി ഇന്ത്യൻ എക്സ്പ്രസും'. പരാതിക്കാർ മൗലികാവകാശ ലംഘനം ചൂണ്ടിക്കാട്ടി കോടതിയിൽ നിൽക്കെ, കേന്ദ്രത്തിന്റെ 'മുദ്രവെച്ച കവർ' അടിസ്ഥാനമാക്കി വിധി പറഞ്ഞത് നീതീകരിക്കാവുന്ന നടപടിയല്ലെന്ന് രണ്ട് പത്രങ്ങളും മുഖപ്രസംഗങ്ങളിലൂടെ എടുത്തു പറഞ്ഞു. ഈ രീതി പ്രോത്സാഹിപ്പിക്കുന്നത് മാധ്യമ സ്വാതന്ത്ര്യത്തിന് കടുത്ത വെല്ലുവിളിയാകുമെന്നും പത്രങ്ങൾ ചൂണ്ടിക്കാട്ടി.
കേന്ദ്രം നൽകിയ മുദ്രവെച്ച കവറിലെ രേഖകൾ കോടതി അംഗീകരിച്ചതിനൊപ്പം അത് പരാതിക്കാരെ കാണിക്കാതിരുന്നത് ന്യായീകരിക്കാനാകില്ലെന്ന് 'ദി ഹിന്ദു' അഭിപ്രായപ്പെട്ടു. മൗലികാവകാശങ്ങളിന്മേലുള്ള ഏതൊരു നിയന്ത്രണവും ന്യായമായിരിക്കണമെന്ന നിയമതത്ത്വത്തിനെതിരാണ് കോടതിയുടെ തീരുമാനം.
ഭരണകൂടം ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ നിയമപരമായി പരിശോധിക്കുന്നത് ഒഴിവാക്കാൻ ദേശസുരക്ഷയെ മറയാക്കാൻ പാടില്ലെന്ന് പെഗസസ് ചാര സോഫ്റ്റ്വെയർ കേസിൽ സുപ്രീംകോടതി വിധിയുണ്ട്. ഇത് കോടതി പരിഗണിക്കാതിരുന്നത് അതിശയകരമാണ്. എന്ത് കാരണത്താലാണ് നടപടിയെടുത്തതെന്ന് ഭരണകൂടം തെളിയിക്കേണ്ടതുണ്ട് -ദി ഹിന്ദു എഴുതി.
ഗുരുതരമായ ഒരു കേസിൽ കോടതി ഭരണസംവിധാനത്തോട് ചോദ്യമുന്നയിക്കുന്നില്ല എന്നത് അത്ഭുതകരമാണെന്ന് ഇന്ത്യൻ എക്സ്പ്രസ് മുഖപ്രസംഗം അഭിപ്രായപ്പെട്ടു.
വിഷയം ദേശസുരക്ഷയെ ബാധിക്കുന്നതാണെന്ന് ഭരണകൂടം പറയുമ്പോൾ എതിർ കക്ഷിയോട് അതിനുള്ള കാരണങ്ങൾ നിരത്താനാകില്ലെന്നാണ് കോടതിയും പറയുന്നത്. കോടതിയും ഭരണകൂടവും ഒരു ഭാഗത്താകുന്നതിലൂടെ പൗരന്മാർ ജനാധിപത്യത്തിൽ നിന്ന് പുറത്താവുകയാണ്. ദേശസുരക്ഷയുടെ പേരിലായാലും ഭരണകൂട നടപടികൾക്ക് തെളിവ് വേണമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 'ദേശസുരക്ഷ ഉയർത്തിയതുകൊണ്ടു മാത്രം കോടതിക്ക് നിശ്ശബ്ദ സാക്ഷി'യാകാൻ കഴിയില്ലെന്നായിരുന്നു പെഗസസ് കേസിൽ സുപ്രീംകോടതി പറഞ്ഞത്. അവിടെയും സ്വാഭാവിക നീതിയുടെ മാനദണ്ഡങ്ങൾ പാലിക്കണം -ഇന്ത്യൻ എക്സ്പ്രസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.