വിവാദ ചോദ്യങ്ങൾ നിലനിർത്തി, പുതുക്കിയ ദേശീയ ജനസംഖ്യ രജിസ്റ്റർ ഫോറം
text_fieldsന്യൂഡൽഹി: വിവാദ ചോദ്യങ്ങൾ ഒഴിവാക്കാതെ പുതുക്കിയ ദേശീയ ജനസംഖ്യ രജിസ്റ്റർ ഫോറം (എൻ.പി.ആർ). മാതൃഭാഷ, മാതാവിെൻറയും പിതാവിെൻറയും ജന്മസ്ഥലം, അവസാനം താമസിച്ച സ്ഥലം തുടങ്ങിയ ചോദ്യങ്ങളാണ് എൻ.പി.ആർ ഫോറത്തിൽ വീണ്ടും ഉന്നയിച്ചിരിക്കുന്നത്. രജിസ്ട്രാർ ജനറലിനു കീഴിലെ സമിതി തയാറാക്കി ജില്ല സെൻസസ് ഓഫിസർമാർക്കാണ് ഫോറം ൈകമാറിയിരിക്കുന്നത്.
2019ൽ 30 ലക്ഷം പേരിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ സർവേയിലാണ് വിവാദ ചോദ്യങ്ങൾ. അന്ന് ഇതിനെ ചില സംസ്ഥാനങ്ങളും പൗരാവകാശ സംഘടനകളും എതിർത്തിരുന്നു. ഏറെ വിവാദമുയർത്തിയ ദേശീയ പൗരത്വ പട്ടികയിലേക്കുള്ള ആദ്യഘട്ടമാണ് എൻ.പി.ആർ എന്നും സംഘടനകൾ ചൂണ്ടിക്കാട്ടി. മാതാപിതാക്കൾ ഇന്ത്യക്കാരാണെങ്കിൽ ജനിച്ച സംസ്ഥാനം, ജില്ല എന്നിവയും ഇന്ത്യക്കാരല്ലെങ്കിൽ രാജ്യത്തിെൻറ പേര് എന്നീ ചോദ്യങ്ങൾക്കൊപ്പം കുടുംബവുമായി ബന്ധപ്പെട്ട മറ്റ് 14 വിവരങ്ങളും ആരായുന്നുണ്ട്.
ആധാർ, ഫോൺ നമ്പർ, വോട്ടർ ഐ.ഡി, തൊഴിൽ തുടങ്ങിയ വിവരങ്ങളും ചോദിക്കുന്നു. രാജ്യത്തെ സാധാരണ താമസക്കാരുടെ സമഗ്ര വിവര ശേഖരണമാണ് എൻ.പി.ആർ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും എൻ.പി.ആറിൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണെന്നും വ്യക്തമാക്കുന്നുണ്ട്. അതേസമയം, ഇതേ വിവരങ്ങൾ തന്നെയാണ് സെൻസസ് വഴിയും ശേഖരിച്ചിട്ടുള്ളത്. സെൻസസ് വഴി സമ്പാദിക്കുന്ന വിവരങ്ങളിൽ പൊതുവായത് മാത്രമേ പുറത്തുവിടൂ എന്നാണ് നിയമം. എന്നാൽ, എൻ.പി.ആർ വിവരങ്ങൾ സംസ്ഥാനങ്ങൾക്ക് കൈമാറുമെന്നും വിവിധ ക്ഷേമപദ്ധതികൾക്കായി കേന്ദ്രം ഉപയോഗപ്പെടുത്തുമെന്നും കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.