ദേശീയ പൗരത്വ രജിസ്റ്റർ; ചോദ്യാവലി അന്തിമ രൂപത്തിലെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: ദേശീയ പൗരത്വ രജിസ്റ്റർ ചോദ്യാവലി അന്തിമരൂപത്തിൽ തയാറാക്കിയതായി രജിസ്ട്രാർ ജനറലിെൻറ ഒാഫിസ്. 2021ൽ ആദ്യഘട്ട സെൻസസ് ആരംഭിക്കുന്ന ദിവസം ഏതാണെന്ന് അറിയില്ലെന്നും ഓഫിസ് വ്യക്തമാക്കി.
വിവരാവകാശ നിയമപ്രകാരം 'ദ ഹിന്ദു' ദിനപത്രം നൽകിയ അപേക്ഷയിലാണ് രജിസ്ട്രാർ ജനറലിെൻറ മറുപടി. 2021 ആദ്യ ഘട്ട സെൻസസിെൻറ പ്രതീക്ഷിത തിയതിയും 2020 ഏപ്രിൽ ഒന്നിന് ആരംഭിക്കാനിരുന്ന എൻ.പി.ആറിെൻറ അപ്ഡേറ്റും ചോദിച്ചായിരുന്നു വിവരാവകാശം.
എൻ.പി.ആറിെൻറ ആദ്യഘട്ടത്തിെൻറ സെൻസസ് ഏപ്രിൽ -സെപ്റ്റംബർ മാസത്തിൽ നടത്താനായിരുന്നു തീരുമാനം. ഇതിൽ മേഘാലയ, ആന്തമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ എന്നിവിടങ്ങളിൽ സെൻസസ് നടത്താനാണ് തീരുമാനിച്ചിരുന്നത്. കോവിഡ് 19 വ്യാപനത്തെ തുടർന്ന് നടപടി നീട്ടിവെക്കുകയായിരുന്നു. നവംബർ 17ന് ലഭിച്ച വിവരാവകാശ പ്രകാരം എൻ.പി.ആറിെൻറ ഷെഡ്യൂൾ ഇതുവരെ അന്തിമമായിട്ടില്ലെന്നും പറയുന്നു.
കേന്ദ്രസർക്കാറിെൻറ ദേശീയ പൗരത്വ രജിസ്റ്റർ, പൗരത്വ ഭേദഗതി നിയമം എന്നിവക്കെതിരെ 13 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും രംഗത്തെത്തിയിരുന്നു.
2003ലെ പൗരത്വ നിയമം അനുസരിച്ച് ഇന്ത്യൻ പൗരന്മാരുടെ പൗരത്വ രജിസ്റ്റർ തയാറാക്കുന്നതിെൻറ ആദ്യപടിയാണ് എൻ.പി.ആർ. എൻ.പി.ആറിൽ കൂടുതൽ വിവരങ്ങൾ ആരായുന്നതിനെതിരെ പശ്ചിമ ബംഗാൾ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ രംഗത്തുവന്നിരുന്നു. പിതാവിെൻറയും മാതാവിെൻറയും ജനനതീയതി, ജനന സ്ഥലം, മാതൃഭാഷ തുടങ്ങിയ ചോദ്യങ്ങൾ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
2019 ഡിസംബർ 11നാണ് പാർലമെൻറ് സി.എ.എ പാസാക്കുന്നത്. മതപരമായ വിവേചനം നിയമവിധേയമാക്കുന്ന സി.എ.എക്കെതിരെ ഇന്ത്യയിൽ വൻപ്രതിഷേധം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.