സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം നിർബന്ധമാക്കി മദ്രാസ് ഹൈകോടതി
text_fieldsചെന്നൈ: തമിഴ്നാട്ടിലെ എല്ലാ സർക്കാർ ഒാഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വകാര്യ കമ്പനികളിലും ഫാക്ടറികളിലും വന്ദേമാതരം നിർബന്ധമാക്കി മദ്രാസ് ഹൈകോടതി സിംഗിൾ ബെഞ്ചിെൻറ വിധി.
വന്ദേമാതരം ആദ്യമായി എഴുതിയത് ബംഗാളിയിലോ സംസ്കൃതത്തിലോ എന്ന പരീക്ഷ ചോദ്യവുമായി ബന്ധപ്പെട്ട് ഹരജിയിൽ തീർപ്പുകൽപിക്കവെയാണ് രാജ്യസ്നേഹത്തിെൻറ സന്ദേശം എല്ലാവരിലും വളർത്തിയെടുക്കണമെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് എം.വി. മുരളീധരൻ ഉത്തരവ് പുറപ്പെടുവിച്ചത്. സ്കൂളുകളിലും കോളജുകളിലും സർവകലാശാലകളിലും ആഴ്ചയിലൊരിക്കൽ നിർബന്ധമായും വന്ദേമാതരം ആലപിക്കണമെന്നും തിങ്കളാഴ്ചയോ വെള്ളിയാഴ്ചയോ ആണ് ഉചിതമെന്നും കോടതി പറഞ്ഞു.
സർക്കാർ ഒാഫിസുകളിലും സ്വകാര്യ കമ്പനികളിലും ഫാക്ടറികളിലും ചെറുതും വലുതുമായ തൊഴിൽശാലകളിലും മാസത്തിലൊരിക്കൽ വന്ദേമാതരം ആലപിക്കണമെന്നും കോടതി വിധിച്ചു. ബംഗാളിയിലോ സംസ്കൃതത്തിലോ പാടാൻ കഴിയാത്തവർക്കായി തമിഴിലേക്കു മൊഴി മാറ്റണം. വന്ദേമാതരം പ്രചരിപ്പിക്കാൻ തമിഴിലും ഇംഗ്ലീഷിലുമുള്ള വിവർത്തന പതിപ്പ് സർക്കാർ പ്രസിദ്ധീകരണങ്ങളിലും വെബ്സൈറ്റുകളിലും സാമൂഹിക മാധ്യമങ്ങളിലും നൽകാൻ പബ്ലിക് ഇൻഫർമേഷൻ ഡയറക്ടറോട് കോടതി നിർദേശിച്ചു. കോടതി വിധി നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ചീഫ് സെക്രട്ടറിക്കു കോടതി നിർദേശം നൽകി. ദേശസ്നേഹം രാജ്യത്തെ എല്ലാ പൗരന്മാർക്കുമുണ്ടാകേണ്ട അടിസ്ഥാന ഗുണമാണ്. ദേശീയഗീതത്തെ ആദരിക്കൽ ഭരണഘടനാ ബാധ്യതയാണ്. രാജ്യത്തെ എല്ലാ പൗരന്മാരും വിധിയുടെ അന്തഃസത്ത ഉൾക്കൊള്ളുമെന്ന പ്രതീക്ഷയോടെയാണ് വിധിന്യായം അവസാനിക്കുന്നത്. സ്കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കണമെന്ന ഹരജി അടുത്ത മാസം 25നു വീണ്ടും പരിഗണിക്കാനിരിക്കേയാണ് വിധി.
വന്ദേമാതരം എഴുതിയത് ബംഗാളിയിൽ
ബങ്കിംചന്ദ്ര ചാറ്റർജി വന്ദേമാതരം എഴുതിയതു ബംഗാളിയിലാണെന്നു കോടതി വിധിച്ചു. ബംഗാളിയിൽ എഴുതുകയും പിന്നീട് സംസ്കൃതത്തിലേക്ക് മൊഴിമാറ്റുകയുമാണുണ്ടായതെന്ന് ഹരജിക്കാരെൻറ വാദം കോടതി അംഗീകരിച്ചു. സർക്കാർ അഭിഭാഷകെൻറ മറിച്ചുള്ള സത്യവാങ്മൂലം കോടതി തള്ളി. സംസ്ഥാന സർക്കാറിെൻറ അധ്യാപക റിക്രൂട്ട്മെൻറ് ബോർഡ് പരീക്ഷയെഴുതിയ കെ. വീരമണിയുടെ ഹരജി തീർപ്പാക്കിക്കൊണ്ടാണ് വിധി.
വന്ദേമാതരം എഴുതിയത് ഏതു ഭാഷയിലാണെന്നായിരുന്നു പരീക്ഷയിലെ ചോദ്യം. ബംഗാളി എന്ന് വീരമണി ഉത്തരമെഴുതി. ഉത്തര സൂചികയിൽ ശരിയുത്തരം സംസ്കൃതമായിരുന്നു. വീരമണിക്ക് മാർക്ക് 89. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നതിനുള്ള കട്ട്ഓഫ് മാർക്ക് 90. ബംഗാളിയെന്ന ഉത്തരം ശരിയാണെന്നും അതിനാൽ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് വീരമണി കോടതിയെ സമീപിച്ചത്. ശരിയുത്തരത്തിെൻറ മാർക്കു കൂടി നൽകി വീരമണിയെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്താനും ജസ്റ്റിസ് മുരളീധരൻ ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.