ഗുസ്തി തുടർന്ന കേന്ദ്രത്തെ മലർത്തിയടിച്ച് താരങ്ങൾ
text_fieldsന്യൂഡൽഹി: ഗുസ്തി താരങ്ങളുടെ വർഷംനീണ്ട അത്യുജ്ജ്വല പോരാട്ടത്തിന്റെ വിജയമാണ് ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയെ സസ്പെൻഡ് ചെയ്യാനുള്ള കേന്ദ്ര കായിക മന്ത്രാലയത്തിന്റെ തീരുമാനം. ബ്രിജ്ഭൂഷണും കൂട്ടർക്കും പിന്തുണയുമായി ഗുസ്തി തുടർന്ന കേന്ദ്ര സർക്കാറിനെയും താരങ്ങൾ മലർത്തിയടിച്ചിരിക്കുകയാണ്. വനിത താരങ്ങൾക്കെതിരായ ലൈംഗികാതിക്രമണക്കേസിലെ പ്രതിയും ബി.ജെ.പി എം.പിയുമായ മുൻ പ്രസിഡന്റ് ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെ ഫെഡറേഷന്റെ അധികാരത്തിൽനിന്ന് പുറത്താക്കിയെങ്കിലും പകരംവന്ന കമ്മിറ്റിയിൽ അദ്ദേഹത്തിന്റെ കളിപ്പാവകളായിരുന്നു കൂടുതലും. വൻ ഭൂരിപക്ഷത്തിന് ബ്രിജ്ഭൂഷൺ അനുകൂല പാനൽ ഫെഡറേഷൻ ഭരണം പിടിച്ചെടുക്കുകയും അടുത്ത അനുയായിയും കച്ചവട പങ്കാളിയുമായ സഞ്ജയ് സിങ് പ്രസിഡന്റ് സ്ഥാനത്തെത്തുകയും ചെയ്തത് താരങ്ങളുടെ പ്രതിഷേധം ജ്വലിപ്പിച്ചിരുന്നു. ഗത്യന്തരമില്ലാതെയാണ് കേന്ദ്ര കായിക മന്ത്രാലയം സസ്പെൻഷൻ പ്രഖ്യാപിച്ചത്. അധികാര സ്ഥാനമില്ലെങ്കിലും ബ്രിജ്ഭൂഷണാണ് ഫെഡറേഷനെ ഭരിക്കുന്നതെന്ന് സാക്ഷി മലിക് അടക്കമുള്ള താരങ്ങളുടെ ആരോപണത്തിന് കായിക മന്ത്രാലയം അടിവരയിട്ടുവെന്നതും ശ്രദ്ധേയമാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ ഹരിയാനയിലും മറ്റും ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാകുമെന്ന ഭയവും സസ്പെൻഷൻ തീരുമാനത്തിന് പിന്നിലുണ്ട്. കൂടുതൽ താരങ്ങൾ ദേശീയ ബഹുമതികളും മറ്റും തിരിച്ചുനൽകിയാൽ സർക്കാർ കൂടുതൽ വെട്ടിലാകും. അതേസമയം, യു.പിയിൽ സ്വന്തം ലോക്സഭ മണ്ഡലത്തിൽ മാത്രമല്ല, സമീപ മണ്ഡലങ്ങളിലും സ്വാധീനമുള്ള ബ്രിജ്ഭൂഷണെ പിണക്കാതിരിക്കാനും ബി.ജെ.പി ഉടൻ ശ്രമമാരംഭിച്ചു. ഇതിന്റെ ഭാഗമായാണ് സസ്പെൻഷൻ തീരുമാനത്തിനു പിന്നാലെ ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ ഇദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. ഒരു പാർട്ടിയിൽനിന്ന് മറ്റൊരു പാർട്ടിയിലേക്ക് ചാടിപ്പരിചയമുള്ള ബ്രിജ്ഭൂഷണെ അനുനയിപ്പിക്കുകയായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം.
കഴിഞ്ഞ ജനുവരി 18നാണ് ബ്രിജ്ഭൂഷണെതിരെ ജന്തർമന്തറിൽ താരങ്ങൾ സമരം തുടങ്ങിയത്. ലൈംഗികാതിക്രമത്തിന് നടപടിയുണ്ടായെങ്കിലും ബ്രിജ്ഭൂഷൺ മോശമായി പെരുമാറിയ അതേ കെട്ടിടത്തിലാണ് പുതിയ കമ്മിറ്റിയും പ്രവർത്തിക്കുന്നത്. ഇത് തെറ്റായ നടപടിയാണെന്ന് കായികമന്ത്രാലയം ചൂണ്ടിക്കാട്ടുന്നുണ്ട്. ലൈംഗികാതിക്രമത്തിൽ കേസ് നിലനിൽക്കേ, പഴയ ഭാരവാഹികളുടെ സമ്പൂർണ നിയന്ത്രണത്തിലുള്ള കെട്ടിടത്തിൽ തന്നെ ഫെഡറേഷന്റെ പ്രവർത്തനം തുടരുന്നതും ഗൗരവത്തോടെയാണ് മന്ത്രാലയം കണ്ടത്.
വനിതാ പ്രസിഡന്റ് വേണമെന്നാണ് ബ്രിജ്ഭൂഷണെതിരെ പോരാടിയ താരങ്ങളുടെ ആവശ്യം. മുൻ താരം അനിത ഷിയറോൺ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും തോൽക്കുകയായിരുന്നു. വനിതയെ പ്രസിഡന്റായി നിയോഗിച്ചാൽ പോരാട്ടങ്ങൾ അവസാനിക്കാനാണ് സാധ്യത. ഗുസ്തിഭരണത്തിന് താനില്ലെന്ന ബ്രിജ്ഭൂഷന്റെ പ്രസ്താവന യാഥാർഥ്യമാകുന്നതോടെ സമരങ്ങൾ സമ്പൂർണ വിജയത്തിലെത്തുമെന്നാണ് നിരീക്ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.