ഉരുക്കു മനുഷ്യന്‍റെ ഓർമയിൽ ഇന്ന് ദേശീയ ഏകതാ ദിനം
text_fields'ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍' എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ 145-ാം ജന്മവാര്‍ഷികമാണ് ഇന്ന്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വളര്‍ച്ചയിലും മുഖ്യപങ്കു വഹിച്ച ഇദ്ദേഹത്തിനോടുള്ള ആദരസൂചകമായി രാജ്യം ഒക്ടോബര്‍ 31ന് രാഷ്ട്രീയ ഏകതാ ദിവസമായി ആഘോഷിക്കുന്നു.
1875 ഒക്ടോബര്‍ 31ന് ഗുജറാത്തിലെ നാദിയയില്‍ ഒരു കര്‍ഷക കുടുംബത്തിലാണ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജനിച്ചത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവും സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രിയും സ്വാതന്ത്ര്യത്തിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ ആഭ്യന്തരമന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച് ഇന്ത്യയെ ഒരു പൂര്‍ണ്ണ റിപ്പബ്ലിക് രാഷ്ട്രമാക്കാന്‍ വല്ലഭായ് പട്ടേല്‍ വഹിച്ച പങ്ക് ചെറുതല്ല. അദ്ദേഹത്തോടുള്ള ആദരസൂചകമായി 2014 മുതലാണ് ഏകതാ ദിനം ആഘോഷിച്ച് തുടങ്ങിയത്.
എല്ലാ പൗരന്മാർക്കും ഐക്യത്തോടെ ജീവിക്കാൻ കഴിയുന്ന ഐക്യവും സമൃദ്ധവുമായ രാഷ്ട്രമായിരുന്നു ഇന്ത്യയെക്കുറിച്ചുള്ള വല്ലഭായ് പട്ടേലിന്‍റെ കാഴ്ചപ്പാട്. ഇന്ത്യയുടെ പുരോഗതിക്കും വികസനത്തിനും ഐക്യം അനിവാര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ദേശീയ ഐക്യദിനം രാഷ്ട്രത്തോടുള്ള അദ്ദേഹത്തിന്‍റെ പ്രതിബദ്ധതയുടെ ഓർമപ്പെടുത്തലാണ്. ഇന്ത്യ പോലുള്ള രാജ്യത്ത് ഐക്യം നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. അതിന്‍റെ ആദ്യപടി എന്നോണം സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയില്‍ നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച് ഇന്ത്യന്‍ ജനതയെ ഒന്നിച്ചു ചേര്‍ക്കുന്നതിൽ ചുക്കാന്‍ പിടിച്ചത് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ആയിരുന്നു. അദ്ദേഹത്തിന്‍റെ സെക്രട്ടറിയായിരുന്ന വി.പി. മേനോന്‍റെ ശ്രമവും ശ്രദ്ധേയമാണ്. ഈ ദിവസം രാജ്യത്തെ ജനങ്ങള്‍ സര്‍ദാര്‍ പട്ടേലിന്‍റെ ഓര്‍മ പുതുക്കുകയും സാംസ്‌കാരിക പരിപാടികളും അനുസ്മരണങ്ങളും സംഘടിപ്പിക്കുകയും ചെയ്യുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത പരിപാടികളും വെബിനാറുകളും സെമിനാറുകളും സംഘടിപ്പിക്കുന്നു.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ 143-ാം ജന്മദിനത്തോട് അനുബന്ധിച്ച് 2018ലാണ് അദ്ദേഹത്തിന്റെ സ്മരണാർഥം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ 'സ്റ്റ്യാച്ചൂ ഓഫ് യൂണിറ്റി' അഥവാ ഏകതാ പ്രതിമ പണികഴിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത ഈ ഏകതാ പ്രതിമ നര്‍മദാ നദി തീരത്തെ സാധു ബെട്ട് ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. 182 മീറ്റര്‍ ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ പ്രതിമ 2989 കോടി രൂപ ചെലവിലാണ് നിർമിച്ചിരിക്കുന്നത്. ചൈനയിലെ 153 മീറ്റര്‍ ഉയരമുള്ള ബുദ്ധപ്രതിമയെയും ബ്രസീലിലെ ക്രിസ്തു പ്രതിമയെയും അമേരിക്കയിലെ സ്വാതന്ത്ര്യ പ്രതിമയെയുമൊക്കെ പിന്തള്ളിയാണ് ഏകതാ പ്രതിമ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ എന്ന സ്ഥാനം കരസ്ഥമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.