വതിനാ സംവരണവും നവമാധ്യമങ്ങളിലെ അതിക്രമങ്ങൾക്കെതിരെ നിയമനിർമാണവും ആവശ്യപ്പെട്ട് ദേശീയ വനിതാ നിയമസഭാംഗങ്ങളുടെ സമ്മേളനം
text_fieldsതിരുവനന്തപുരം: വനിതാ സംവരണബിൽ പാസാക്കണമെന്നും പൊതുവേദികളിലും സാമൂഹിക മാധ്യമങ്ങളിലും സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്നത് തടയാൻ നിയമനിർമാണം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് പ്രമേയം പാസാക്കി ദേശീയ വനിതാ നിയമസഭാ സാമാജിക സമ്മേളനം. തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവാണ് നിയമസഭയിൽ 33 ശതമാനം സ്ത്രീ സംവരണം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം കൊണ്ടുവന്നത്.
നിയമസഭയിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ആവശ്യപ്പെട്ടുകൊണ്ടുള്ള ബിൽ 26 വർഷമായി ലോക്സഭയിൽ കെട്ടിക്കിടക്കുകയാണെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. എതിർപ്പുകളെ തുടർന്ന് ബിൽ പാസാക്കുന്നതിൽ കാലതാമസമുണ്ടാവുകയായിരുന്നു. അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലോകസഭയിലേക്ക് 78 വനിതകൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവിൽ ലോകത്തെ നിയമനിർമാണസഭകളിലെ പ്രാതിനിധ്യത്തിന്‍റെ കാര്യത്തിൽ ഇന്ത്യ 148 ാം സ്ഥാനത്താണ്.1995ൽ 95ാം സ്ഥാനം ഉണ്ടായിരുന്നിടത്തുനിന്നാണ് ഇന്ത്യ പട്ടികയിൽ പിന്നോട്ട് പോയതെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
സ്ത്രീകൾകളെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ തടയുന്നതിനായി സമഗ്രമായ നിയമനിർമാണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട പ്രമേയവും സമ്മേളനത്തിൽ അംഗീകരിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള നിയമസഭാംഗമായ എ. തമിഴരസിയാണ് പ്രമേയം കൊണ്ടുവന്നത്. മുതിർന്ന വനിതാ നേതാക്കൾ പോലും സാമൂഹിക മാധ്യമത്തിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നേരിടേണ്ടി വരുന്നതായി പ്രമേയം ചൂണ്ടികാട്ടി. ഇത്തരം പ്രവണതകൾ പുരുഷാധിപത്യത്തിന്‍റെ പ്രതിഫലനമായി മാറുകയാണെന്നും പ്രമേയത്തിൽ പറയുന്നു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 120 വനിത നിയമസഭാസാമാജികരാണ് സമ്മേളനത്തിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.