നവീദ് ജാട്ടിെൻറ രക്ഷപ്പെടൽ: മുന്നറിയിപ്പ് സർക്കാർ അവഗണിച്ചെന്ന് റിപ്പോർട്ട്
text_fieldsശ്രീനഗർ: ലശ്കറെ ത്വയ്യിബ ഭീകരൻ മുഹമ്മദ് നവീദ് ജാട്ട് പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ കാരണം പൊലീസിെൻറ വീഴ്ചയെന്ന് റിപ്പോർട്ട്. ജയിലിലുള്ള പാക് ഭീകരരെ കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന മുന്നറിയിപ്പ് സംസ്ഥാന ആഭ്യന്തര മന്ത്രാലയം അവഗണിച്ചതായാണ് ഇതു സംബന്ധിച്ച അന്വേഷണത്തിൽ വെളിപ്പെട്ടത്. ജമ്മു മേഖലയിൽ കാത്വയിലെ ജയിലിൽ കഴിഞ്ഞിരുന്ന നവീദ് ജാട്ടിനെ ശ്രീനഗർ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നതിൽ ജമ്മു -കശ്മീർ പൊലീസും സംസ്ഥാന ആഭ്യന്തര മന്ത്രാലയവും തിടുക്കം കാണിച്ചതായും പറയെപ്പടുന്നു.
ഫെബ്രുവരി ആറിനാണ് ശ്രീനഗറിലെ എസ്.എം.എച്ച്.എസ് ആശുപത്രിയിൽനിന്ന് നവീദ് ജാട്ട് സുരക്ഷ ജീവനക്കാരെ വധിച്ച് രക്ഷപ്പെട്ടത്. 2016 നവംബർ 19നാണ് കശ്മീർ ഡിവിഷനിലെ ജയിലിലേക്ക് മാറ്റാൻ നവീദ് ജാട്ട് ഹൈകോടതി സിംഗ്ൾ ബെഞ്ചിൽനിന്ന് വിധി നേടിയെടുത്തത്. ഇതിനെ തുടർന്ന് 2017 ജനുവരി അവസാനത്തിൽ ഇയാളെ ശ്രീനഗർ ജയിലിലേക്ക് മാറ്റുന്നതിന് സംസ്ഥാന ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. ഇൗ ഉത്തരവ് നൽകുന്നത് വേഗത്തിലായി എന്നാണ് വിമർശനം. ഏത് ജയിലിലേക്ക് അയക്കണമെന്ന് ഹൈകോടതി വിധിയിൽ പ്രത്യേകം പറയാത്തതിനാൽ ദക്ഷിണ കശ്മീരിലെ അനന്ത്നാഗിലെയോ ഹുംഹമയിലെയോ ജയിലിലേക്ക് അയക്കാമായിരുന്നു. ഇത് ഒഴിവാക്കി ശ്രീനഗറിലേക്ക് മാറ്റിയതും തെറ്റായ തീരുമാനമായി.
ഇതിനു ശേഷം കഴിഞ്ഞ വർഷം നവംബറിൽ ജയിൽ ഡി.ജി.പി എസ്.കെ. മിശ്ര നവീദ് ജാട്ട് അടക്കമുള്ളവരെ ജമ്മു ഡിവിഷനിലെ ജയിലിലേക്ക് മാറ്റണമെന്ന് ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. നടപടിയുണ്ടാകാതെ വന്നതോടെ വീണ്ടും ഇക്കാര്യത്തിൽ ആശയവിനിമയം നടന്നെങ്കിലും അവഗണിക്കുകയായിരുന്നെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ ആഭ്യന്തര സെക്രട്ടറി ആർ.കെ. ഗോയലിെൻറ പ്രതികരണം ലഭ്യമായിട്ടില്ല. ജാട്ടിെൻറ രക്ഷപ്പെടൽ സംബന്ധിച്ച് എൻ.െഎ.എ അന്വേഷണം പുരോഗമിക്കുകയാണ്. അഞ്ചുപേരെ ഇതിനകം പിടികൂടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.