0.5 സെന്റിമീറ്റർ വീതിയുള്ള കയറിൽ തൂങ്ങിയാൽ നവീൻ ബാബു മരിക്കുമോ? പി. ശശിയുടെ പങ്ക് അന്വേഷിക്കണം - പി.വി. അൻവർ; ‘കേസിൽ കക്ഷി ചേരും’
text_fieldsന്യൂഡൽഹി: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ അടിമുടി ദുരൂഹതയാണുള്ളതെന്ന് പി.വി. അൻവർ എം.എൽ.എ. 0.5 സെന്റിമീറ്റർ വീതിയുള്ള കയറിൽ തൂങ്ങിയാണ് മരണമെന്നാണ് പൊലീസ് പറയുന്നത്. നവീൻ ബാബുവിന്റെ ഭാരം കണക്കാക്കിയാൽ കയർ പൊട്ടി വീഴേണ്ടതാണെന്ന് കയറിന്റെ മാതൃക കാണിച്ചുകൊണ്ട് അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തനിക്ക് കണ്ണൂരിലെ ജോലി മടുത്തെന്ന് നവീൻ ബാബു പറഞ്ഞു. പി. ശശി നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നു. ഇക്കാര്യം നവീൻ ബാബു അടുപ്പമുള്ളവരോട് പറഞ്ഞിരുന്നതായി അൻവർ കൂട്ടിച്ചേർത്തു.
തുടക്കം മുതലേ ഞാൻ പറയുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങൾ നവീന് അറിയാമായിരുന്നുവെന്നാണ്. ഒരു പെട്രോൾ പമ്പിന്റെ വിഷയം മാത്രമല്ലിത്. നവീൻ ബാബു കണ്ണൂരിൽനിന്ന് സ്ഥലംമാറ്റം ആവശ്യപ്പെട്ടതല്ല. തനിക്ക് ജോലിചെയ്യാൻ കഴിയുന്നില്ലെന്നാണ് കുടുംബത്തോടും അടുപ്പമുള്ളവരോടും അദ്ദേഹം പറഞ്ഞിട്ടുള്ളത്. നിയമവിരുദ്ധമായ എല്ലാ കാര്യങ്ങൾക്കും പി.ശശി ഉൾപ്പെടെയുള്ളവർ നിർബന്ധിക്കുമ്പോൾ പറ്റാവുന്നതിന്റെ പരമാവധി ചെയ്തുകൊടുത്തു. ഇനി അവിടെ നിൽക്കാൻ കഴിയില്ലെന്ന് നവീൻ ബാബു കുടുംബാംഗങ്ങളോട് പറഞ്ഞിട്ടുണ്ട്. അവിടെയാണീ വിഷയം ഗൗരവമുള്ളതായി മാറുന്നത്.
എങ്ങനെ മരിച്ചു എന്ന് അറിയാനാണ് പോസ്റ്റ് മോർട്ടം നടത്തുന്നത്. ആരുടെയൊക്കെയോ താത്പര്യപ്രകാരം ചെയ്തതാണിത്. നവീൻ ബാബു ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം പറഞ്ഞതാണ്. ആത്മഹത്യയുടെ സൂചന നൽകുന്ന ഒരു സംസാരവും അദ്ദേഹം അന്ന് ഭാര്യയുമായി നടത്തിയിട്ടില്ല. മാനസിക വിഷമം പ്രകടിപ്പിച്ചിട്ടില്ല. രാത്രിയിൽ നാട്ടിലേക്ക് പുറപ്പെടുന്നില്ലെങ്കിൽ വിളിച്ചറിയിക്കേണ്ടതാണ്. കുടുംബത്തെ അറിയിക്കും മുൻപ് ഇൻക്വസ്റ്റ് നടന്നു. പോസ്റ്റ്മോർട്ടവും ബന്ധുക്കൾ എത്തും മുൻപേ നടന്നു. ഇത്തരം കുറേ കാര്യങ്ങൾ അവ്യക്തമായി കിടക്കുകയാണെന്നും അൻവർ കുറ്റപ്പെടുത്തി.
നവീൻ ബാബുവിന്റെ പോസ്റ്റ്മാർട്ടം, ഇൻക്വസ്റ്റ് റിപ്പോർട്ടുകളിൽ പൊലീസിന്റെ കള്ളക്കളി നടന്നിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികളിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യം ആവശ്യമാണ്. നവീൻ ബാബുവിന്റെ നടപടികളിൽ അത് ഉണ്ടായില്ല.
ആന്തരികാവയവങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടില്ല. ആരുടെയൊക്കെയോ താല്പര്യം സംരക്ഷിക്കുംവിധമാണ് റിപ്പോർട്ടുകൾ തയ്യാറാക്കിയത്. ഈ സാഹചര്യത്തിൽ കേസിൽ കക്ഷി ചേരുമെന്നും അൻവർ പറഞ്ഞു.
പി. ശശിയുടെ ബിനാമിയാണ് പി.പി. ദിവ്യയുടെ ഭർത്താവെന്നും അവരെ യാത്രയയപ്പ് ചടങ്ങിലേക്ക് പറഞ്ഞുവിട്ടത് ശശിയാണെന്നും അൻവർ ആരോപിച്ചു. ഇതിന്റെ തെളിവ് അന്വേഷണ സംഘത്തിന് കൈമാറുമെന്നും അൻവർ കൂട്ടിച്ചേർത്തു
ഇന്നുവരെയുള്ള തൂങ്ങിമരണത്തിൽ കണ്ടത്. മരിച്ചയാൾ മലമൂത്ര വിസർജ്ജനം നടത്തിയതായാണ്. എന്നാൽ, ഇവിടെ യൂനിറനറി ബ്ലാഡർ ശൂന്യമാണെന്നാണ് റിപ്പോർട്ട്. ശ്വാസം മുട്ടിയാവണം മരണം. എല്ലാം നോർമലാണെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. അടിവസ്ത്രത്തിൽ രക്തക്കറയുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. അത്, പോസ്റ്റ് മോർട്ടം റിപ്പോർട്ടിലില്ല. പൊലീസ് റിപ്പോർട്ടിൽ തിരിമറി നടന്നു. നേരത്തെ തന്നെ ഈ വിഷയത്തിൽ അൻവർ നടത്തുന്ന ആരോപണം തള്ളിയ പി. ശശി നിയമനടപടി ആരംഭിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.