ഉമർ ഖാലിദ് വധശ്രമക്കേസ് പ്രതി ഹരിയാനയിൽ സ്ഥാനാർഥി
text_fieldsന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു) വിദ്യാർഥി നേതാവായിരുന്ന ഉമർ ഖാലിദിനെ വെടിവെച്ചുകൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ശിവസേനക്കു വേണ്ടി മത്സരിക്കും. ഒക്ടോബർ 21ന് നടക്കുന്ന നിയമസഭ തെരെഞ്ഞടുപ്പിൽ ബഹാദൂർഗഢ് മണ്ഡലത്തിലാണ് കേസിലെ പ്രതിയായ നവീൻ ദലാലിനെ ശിവസേന സ്ഥാനാർഥിയാക്കിയത്.
കഴിഞ്ഞവർഷം ആഗസ്റ്റിലാണ് പാർലമെൻറിന് അടുത്തുള്ള കോൺസ്റ്റിറ്റ്യൂഷൻ ക്ലബിനു മുന്നിൽ ഉമർ ഖാലിദിനുനേരെ വെടിവെപ്പുണ്ടായത്. നവീൻ ദലാലിന് പുറമേ ദർവേശും കൂടിയാണ് ഉമറിനെ ആക്രമിച്ചത്. പ്രതികൾ രണ്ടുതവണ വെടിയുതിർത്തെങ്കിലും ഉമർ നിലത്ത് വീണതോടെ വെടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. കേസിൽ ജാമ്യത്തിലിറങ്ങിയ നവീൻ ദലാൽ ആറുമാസം മുമ്പാണ് ശിവസേനയിൽ ചേർന്നത്.
ദേശീയതയും ഗോ സുരക്ഷയും സംബന്ധിച്ച തെൻറ ആശയങ്ങളുമായി യോജിച്ചുപോകുന്ന പാർട്ടിയാണ് ശിവസേനയെന്ന് ദലാൽ പറഞ്ഞു. ഞങ്ങളുടെ പോരാട്ടം ഒരേ ലക്ഷ്യത്തിനാണ്.
ദേശീയത, ഗോ സംരക്ഷണം, സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള അംഗീകാരം. ഇതിനുവേണ്ടിയാണ് പാർട്ടിയിൽ ചേർന്നതെന്നും ദലാൽ വ്യക്തമാക്കി. അക്രമിക്കപ്പെട്ടതിനെ തുടർന്ന് ഉമർ ഖാലിദിന് പൊലീസ് സുരക്ഷ ഒരുക്കാൻ ഡൽഹി കോടതി ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.