23 വർഷവും 139 ദിവസവും; കൂടുതൽ കാലം മുഖ്യമന്ത്രി; ജ്യോതി ബസുവിനെ മറികടന്ന് നവീൻ പട്നായിക് രണ്ടാമത്
text_fieldsഭുവനേശ്വര്‍: രാഷ്ട്രീയ ജീവിതത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദവി വഹിച്ചവരിൽ നവീൻ രണ്ടാമതെത്തി. പശ്ചിമ ബംഗാള്‍ മുന്‍മുഖ്യമന്ത്രി ജ്യോതി ബസുവിനെയാണ് മറികടന്നത്.
മുഖ്യമന്ത്രി സ്ഥാനത്ത് നവീൻ 23 വർഷവും 139 ദിവസവും പിന്നിട്ടു. അഞ്ചു തവണകളായാണ് ഇത്രയും ദിവസം പിന്നിട്ടത്. 2000 മാര്‍ച്ച് അഞ്ചിനാണ് അദ്ദേഹം ഒഡിഷ മുഖ്യമന്ത്രിയാകുന്നത്. 1977 ജൂണ്‍ 21ന് മുഖ്യമന്ത്രിയായ ജ്യോതി ബസു, 2000 നവംബര്‍ അഞ്ചുവരെ 23 വര്‍ഷവും 137 ദിവസവുമാണ് പദവി വഹിച്ചത്. സിക്കിം മുഖ്യമന്ത്രിയായിരുന്ന പവന്‍ കുമാര്‍ ചാംലിങ്ങാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദവിയിലിരുന്നത്.
1994 ഡിസംബര്‍ 12 മുതല്‍ 2019 മേയ് 27 വരെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ചാംലിങ്ങിനും ബസുവിനും ശേഷം അഞ്ചുതവണ മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ നേതാവും നവീന്‍ പട്‌നായിക്കാണ്. 2024ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒഡിഷയില്‍ ബിജു ജനതാദള്‍ വിജയിക്കുകയും പട്‌നായിക് സ്ഥാനത്ത് തുടരുകയും ചെയ്താല്‍ ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയാകുക എന്ന റെക്കോഡ് അദ്ദേഹത്തിന്‍റെ പേരിലാകും.
ജനതാദൾ വിട്ട നവീൻ 1997 ഡിസംബർ 26നാണ് പിതാവിന്‍റെ പേരിൽ ബിജു ജനതാദള്‍ എന്ന പുതിയ പാർട്ടി രൂപവത്കരിക്കുന്നത്. 1997 മുതൽ 2000 വരെ അസ്ക മണ്ഡലത്തിൽനിന്നുള്ള ലോക്സഭാ അംഗമായിരുന്നു. 1998 മുതല് 2000 വരെ കേന്ദ്ര ഉരുക്ക്, ഖനന വകുപ്പിന്‍റെ ചുമതല വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.