എംബസിയിൽനിന്ന് സഹായം ലഭിച്ചില്ലെന്ന് നവീന്റെ പിതാവ്
text_fieldsബംഗളൂരു: യുക്രെയ്നിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക സ്വദേശി നവീന്റെ വീട്ടിൽ ദുഃഖത്തോടൊപ്പം കേന്ദ്ര സർക്കാറിന്റെ അലംഭാവത്തോടുള്ള രോഷവും ഉയരുന്നു. മകന്റെ വിയോഗവാർത്തയിൽ തകർന്നുപോയ നവീന്റെ പിതാവ് ഇന്ത്യൻ എംബസിയെയാണ് പ്രതിക്കൂട്ടിൽ നിർത്തുന്നത്. ഖാർകിവിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളുടെ സഹായത്തിനായി ഇന്ത്യൻ എംബസിൽനിന്ന് ആരും സമീപിച്ചില്ലെന്ന് നവീന്റെ പിതാവ് ശേഖരഗൗഡ തുറന്നടിച്ചു. റഷ്യയുടെ സൈനികനീക്കത്തിൽ ഖാർകിവിൽ വ്യാപകമായി തുടരുന്ന ഷെല്ലാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിട്ടും അവിടത്തെ ബങ്കറുകളിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർഥികളെ ഇന്ത്യൻ എംബസിയിൽനിന്ന് ആരും ബന്ധപ്പെട്ടിരുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയും നവീനുമായി വിഡിയോ കാളിലൂടെ സംസാരിച്ചിരുന്നു. ദിവസവും രണ്ടോ മൂന്നോ തവണ വിളിക്കാറുണ്ടായിരുന്നുവെന്നും വേദനയോടെ നവീന്റെ പിതാവ് ശേഖരഗൗഡ മാധ്യമങ്ങളോട് പറഞ്ഞു.
ഖാർകിവ് നാഷനൽ മെഡിക്കൽ സർവകലാശാലയിലെ നാലാം വർഷ മെഡിക്കൽ വിദ്യാർഥിയായ നവീൻ ശേഖരപ്പ ജ്ഞാനഗൗഡറും കർണാടകയിൽനിന്നുള്ള മറ്റു വിദ്യാർഥികളും ഖാർകിവിലെ ബങ്കറിലായിരുന്നു കഴിഞ്ഞിരുന്നത്. ഖാർകിവിൽനിന്നും അതിർത്തിയിലെത്തുന്നതിനായി റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ തീരുമാനിച്ചിരുന്നു. ഇതിന് മുന്നോടിയായി രാവിലെ ഭക്ഷണം വാങ്ങാനും കറൻസി മാറ്റിവാങ്ങാനുമാണ് നവീൻ ബങ്കറിന് പുറത്തിറങ്ങിയത്. ഭക്ഷണസാധനങ്ങൾ വാങ്ങുന്നതിനായി സൂപ്പർമാർക്കറ്റിനു മുന്നിൽ വരിനിൽക്കുമ്പോഴാണ് ഷെല്ലാക്രമണം ഉണ്ടായതെന്നും നവീന്റെ അമ്മാവനായ ഉജ്ജന ഗൗഡ പറഞ്ഞു. പുറത്തിറങ്ങുമ്പോൾ ഇന്ത്യൻ പതാക കൈയിൽ കരുതാനും നവീനോട് കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. ചൊവ്വാഴ്ച രാവിലെ നവീൻ പിതാവിനെ വിളിച്ചപ്പോൾ ബങ്കറിൽ ഭക്ഷണവും വെള്ളവും ഇല്ലെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മരണവിവരം അറിഞ്ഞ് കർണാടകയിലെ ഹാവേരി ജില്ലയിലെ റാണെബെന്നൂർ താലൂക്കിലെ ചലഗേരി ഗ്രാമത്തിലെ നവീന്റെ വീട്ടിലേക്ക് നൂറുകണക്കിന് പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. പ്രതിസന്ധികളെ അതിജീവിച്ച് സുരക്ഷിതമായി നവീൻ നാട്ടിലെത്തുമെന്ന് കുടുംബാംഗങ്ങളും നാട്ടുകാരും പ്രതീക്ഷിച്ചിരിക്കെയാണ് സങ്കടകരമായ വാർത്ത നാടറിയുന്നത്. പഠിക്കാൻ ഏറെ മിടുക്കനായ നവീൻ ഡോക്ടറായി തിരിച്ചെത്തുന്നതും കാത്തിരിക്കുകയായിരുന്ന ചലഗേരി ഗ്രാമത്തിലുള്ളവരെയും മരണവിവരം കണ്ണീരിലാഴ്ത്തി. നവീന്റെ കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തുടങ്ങിയവർ അനുശോചനം അറിയിച്ചു. നവീന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കാൻ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും ബസവരാജ് ബൊമ്മൈ നവീന്റെ പിതാവിനെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.