സിദ്ദു രാജി പിൻവലിച്ചു; എന്നും വിശ്വസ്തനായ കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്ന്
text_fieldsചണ്ഡീഗഡ്: പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച തീരുമാനം നവ്ജ്യോത് സിങ് സിദ്ദു പിൻവലിച്ചു. അഹംഭാവം കൊണ്ടല്ല രാജിക്കത്ത് നൽകിയതെന്നും വിശ്വസ്തനായ കോൺഗ്രസ് പ്രവർത്തകനായി എന്നും തുടരുമെന്നും സിദ്ദു പറഞ്ഞു. രാജിപ്രഖ്യാപിച്ചിരുന്നെങ്കിലും ഹൈക്കമാന്‍ഡ് സിദ്ദുവിന്‍റെ രാജി അംഗീകരിച്ചിരുന്നില്ല.
ചരൺജിത് സിങ് ചാന്നി മുഖ്യമന്ത്രിയാകുകയും മന്ത്രിസഭ പുനഃസംഘടിപ്പിക്കുകയും ചെയ്തതിന് പിന്നാലെ സെപ്റ്റംബർ 28നാണ് സിദ്ദു പഞ്ചാബ് പി.സി.സി അധ്യക്ഷ സ്ഥാനം രാജിവച്ചത്. സംസ്ഥാന സര്‍ക്കാര്‍ തീരുമാനങ്ങള്‍ എടുക്കുന്നത് തന്നോട് ആലോചിച്ചായിരിക്കണമെന്ന നിബന്ധന നേരത്തെ സിദ്ദു മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ പുതിയ പഞ്ചാബ് മുഖ്യമന്ത്രി കൂടിയാലോചന നടത്താതിരുന്നതോടുകൂടിയാണ് സിദ്ദു അതൃപ്തി അറിയിച്ചത്. മന്ത്രിസഭാ പുന:സംഘടനയെ ചൊല്ലിയും അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.
സിദ്ദുവിന്‍റെ രാജി ഹൈക്കമാന്‍ഡ് അംഗീകരിച്ചില്ലെങ്കിലും സിദ്ദു എന്തെങ്കിലും നിബന്ധന മുന്നോട്ടുവെച്ചാല്‍ സമ്മര്‍ദത്തിന് വഴങ്ങേണ്ടെന്ന് ഹൈക്കമാന്‍ഡ് പഞ്ചാബ് മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയിരുന്നു. പിന്നാലെ ഇന്ന് രാജി പിന്‍വലിച്ചതായി സിദ്ദു പ്രഖ്യാപിക്കുകയായിരുന്നു.
അതേസമയം, പുതിയ അഡ്വക്കറ്റ് ജനറലിനെ നിയമിച്ചാൽ മാത്രമേ താൻ ഓഫിസിലെത്തി ചുമതലയേൽക്കൂവെന്ന നിബന്ധന സിദ്ദു മുന്നോട്ടു വെച്ചതായാണ് വിവരം. ഇത് കോൺഗ്രസിന് അൽപ്പം തലവേദനയാകുമെന്നാണ് വിലയിരുത്തൽ. മുതിർന്ന അഭിഭാഷകൻ എ.പി.എസ്. ഡിയോളിനെ അഡ്വക്കറ്റ് ജനറലാക്കിയത് സിദ്ദുവിന്‍റെ രാജിക്കുള്ള കാരണങ്ങളിലൊന്നായിരുന്നു. ഈ നിയമനം സിദ്ദു അംഗീകരിച്ചിരുന്നില്ല. സിഖ് വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചതിൽ പ്രതിേഷധിച്ചവരുടെ നേരെ നടന്ന പൊലീസ് വെടിവെപ്പിൽ ആരോപണവിധേയനായ മുൻ ഡി.ജി.പി സുമേദ് സിങ് സൈനിയുടെ കോൺസൽ ആയിരുന്നു ഡിയോൾ. ഇദ്ദേഹത്തെ അഡ്വക്കറ്റ് ജനറലായി നിയോഗിച്ചതിൽ സിദ്ദുവിനെ പിന്തുണക്കുന്ന കോൺഗ്രസ് നേതാക്കൾക്കും പ്രതിഷേധമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.