പട്യാല ജയിലിൽ 90 രൂപ ദിവസ കൂലിയിൽ ക്ലർക്കായി സിദ്ദു
text_fieldsപട്യാല: 1988-ലെ വാഹനാപകട കേസിൽ ശിക്ഷിക്കപ്പെട്ട പഞ്ചാബ് മുൻ കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ദു പട്യാല സെൻട്രൽ ജയിലിൽ ക്ലർകായി പ്രവർത്തിക്കും. അദ്ദേഹത്തിന് മൂന്ന് മാസത്തെ പരിശീലനം നൽകുമെന്നും നീളമുള്ള കോടതി വിധികളുടെ ചുരുക്ക രൂപം എങ്ങനെ തയാറാക്കാമെന്നും ജയിൽ രേഖകൾ എങ്ങനെ ക്രോഡീകരിക്കാമെന്നും പഠിപ്പിക്കും.
ജയിൽ മാനുവൽ പ്രകാരം സിദ്ദുവിന് ആദ്യത്തെ 90 ദിവസത്തേക്ക് ശമ്പളമൊന്നും ലഭിക്കില്ല. പരിശീലനം പൂർത്തിയാക്കിയാൽ പ്രതിദിനം 40 രൂപ മുതൽ 90 രൂപ വരെ കൂലി ലഭിക്കും. തുക അദ്ദേഹത്തിന്‍റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നും അധികൃതർ അറിയിച്ചു.
സിദ്ദു ഉയർന്ന തടവുകാരനായതിനാൽ ജയിലിനകത്ത് തന്നെയായിരിക്കും ജോലി ചെയ്യുക. സെല്ലിൽ നിന്ന് പുറത്തിറങ്ങാൻ അനുവാദമില്ലാത്തതിനാൽ ഫയലുകളെല്ലാം ജയിലിനകത്ത് എത്തിച്ച് കൊടുക്കും.
ചൊവ്വാഴ്ച മുതലാണ് സിദ്ദു ജോലിയിൽ പ്രവേശിച്ചതെന്ന് ജയിൽ അധികൃതർ അറിയിച്ചു. രാവിലെയും വൈകിട്ടുമായി രണ്ട് ഷിഫ്റ്റുകളിലായാണ് ജോലി ചെയ്യേണ്ടത്. ജയിലിൽ സിദ്ദുവിന്‍റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അഞ്ച് വാർഡൻമാരേയും നാല് തടവുകാരെയും അദ്ദേഹത്തെ നിരീക്ഷിക്കാനായി നിർദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
1988ൽ പട്യാലയിൽ ജിപ്സി പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ അടിപിടിക്കിടെ വയോധികൻ മരിച്ച സംഭവത്തിൽ മെയ് 19നാണ് സിദ്ദുവിനെ സുപ്രീം കോടതി ഒരു വർഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. മെയ് 20 ന് പട്യാലയിലെ വിചാരണ കോടതിയിൽ അദ്ദേഹം കീഴടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.