ഹിന്ദി വിരുദ്ധ നിലപാട്: മൂന്ന് പതിറ്റാണ്ടായിട്ടും നവോദയ വിദ്യാലയങ്ങൾ ദ്രാവിഡ മണ്ണിനു പുറത്ത്
text_fieldsചെന്നൈ: രാഷ്ട്രഭാഷയായ ഹിന്ദിയോടുള്ള രാഷ്ട്രീയ എതിർപ്പ് വൈകാരിക നിലപാട് പൂണ്ട തമിഴ്നാട്ടിൽ ജവഹർ നവോദയ വിദ്യാലയത്തിനോടുള്ള അയിത്തം ഹൈവോൾട്ടിൽ. പാവപ്പെട്ടവരിലെ മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് ഭക്ഷണം, താമസസൗകര്യം എന്നിവയോടെ മികച്ച വിദ്യാഭ്യാസം നൽകുന്ന നവോദയ വിദ്യാലയങ്ങളെ തമിഴ്നാട് ഭരിക്കുന്ന ദ്രാവിഡ കക്ഷികൾ മൂന്നു പതിറ്റാണ്ടായി പടിക്കുപുറത്ത് നിർത്തിയിരിക്കുകയാണ്. വിദ്യാലയങ്ങൾ തുടങ്ങാൻ സൗകര്യമേർപ്പെടുത്തണമെന്ന് പലതവണ കേന്ദ്ര സർക്കാറുകൾ തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ എതിർപ്പുമൂലം കലഹമുണ്ടാകാൻ സാധ്യതയുണ്ടെന്ന തരത്തിലുള്ള മുടന്തൻ ന്യായങ്ങൾ നിരത്തി നടപടികൾ താമസിപ്പിക്കാനാണ് സർക്കാറുകൾ ശ്രമിച്ചത്.
ഇതിനിടെ, നവോദയ വിദ്യാലയങ്ങൾ തുടങ്ങാൻ അനുമതി നൽകണമെന്ന് മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് മാസങ്ങൾക്കുമുമ്പ് സംസ്ഥാന സർക്കാറിനോട് നിർദേശിച്ചിരുന്നു. ജവഹർ നവോദയ വിദ്യാലയങ്ങൾ തുടങ്ങാൻ ഭൂമി അനുവദിക്കണമെന്ന് കഴിഞ്ഞവർഷം സെപ്റ്റംബർ 11ന് മദ്രാസ് ഹൈകോടതി ഉത്തരവിടുകയും ചെയ്തു. വിദ്യാർഥികളുടെ മേൽ ഹിന്ദി അടിച്ചേൽപിക്കരുതെന്നും നവോദയ വിദ്യാലയ അധികൃതേരാട് വിധിന്യായത്തിൽ നിർദേശവും വെച്ചു. എന്നാൽ, നവോദയ വിദ്യാലയത്തെ ഏതുവിധേനയും പുറത്തുനിർത്താൻ സുപ്രീംകോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. 2006ലെ തമിഴ്നാട് തമിഴ് ഭാഷാപഠന നിയമ പ്രകാരം തമിഴും ഇഗ്ലീഷും മാത്രമേ തമിഴ്നാട്ടിൽ അധ്യയന മാധ്യമങ്ങളായി നിശ്ചയിച്ചിട്ടുള്ളൂവെന്ന തമിഴ്നാട് സർക്കാറിെൻറ വാദം കേട്ട ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം. കൻവിൽക്കർ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേ നൽകിയിരിക്കുന്നത്.
ഗ്രാമീണ മേഖലയിൽനിന്നുള്ള വിദ്യാർഥികളെ സാരമായി ബാധിക്കുന്നെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ പൊതുപ്രവേശന പരീക്ഷ (നീറ്റ്) ക്കെതിരെ സർക്കാർ ശക്തമായ നിലപാടെടുത്തിരുന്നു. ഇേത സർക്കാരാണ് ഗ്രാമീണ ദരിദ്ര വിദ്യാർഥികൾക്ക് മികച്ച സൗകര്യങ്ങൾ നൽകുന്ന നവോദയ വിദ്യാലയങ്ങളെ എതിർക്കുന്നത്.എന്നാൽ, കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിൽ എത്തിയതോടെ പാർട്ടിയുടെ സംസ്ഥാന ഘടകം നവോദയ വിദ്യാലയത്തിനായി രംഗത്തുണ്ട്. ഇനി സുപ്രീംകോടതിയാകും തമിഴ്മണ്ണിലെ നവോദയ വിദ്യാലങ്ങളുടെ വാതിൽ തുറക്കാൻ അവസരം ഒരുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.