ഡ്രോൺ ആക്രമണം: ഏദൻ കടലിലെ ചരക്കുകപ്പലിൽ നിന്ന് 13 ഇന്ത്യക്കാരടക്കം 23 ജീവനക്കാരെ നാവികസേന രക്ഷപ്പെടുത്തി
text_fieldsന്യൂഡൽഹി: ഏദൻ കടലിൽ ഡ്രോൺ ആക്രമണത്തിന് പിന്നാലെ തീപിടിച്ച ചരക്കുകപ്പലിൽ നിന്ന് ജീവനക്കാരെ ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തി. 13 ഇന്ത്യക്കാർ ഉൾപ്പെടെ 23 ജീവനക്കാരെയാണ് നാവികസേനയുടെ ഐ.എൻ.എസ് കൊൽക്കത്ത രക്ഷപ്പെടുത്തിയത്.
മാർച്ച് നാലിനാണ് ലൈബീരിയൻ പതാകയുള്ള ചരക്കുകപ്പൽ എം.എം. സ്കൈക്ക് നേരെ ഡ്രോൺ ആക്രമണമുണ്ടായത്. രാത്രി 10.30ഓടെ കപ്പലിന് തീപിടിച്ച വിവരം അറിഞ്ഞതിന് പിന്നാലെ രക്ഷാദൗത്യവുമായി ഐ.എൻ.എസ് കൊൽക്കത്ത പുറപ്പെട്ടു.
മാർച്ച് അഞ്ചിന് 12 അംഗ പ്രത്യേക അഗ്നിശമന സംഘവുമായി ഐ.എൻ.എസ് കൊൽക്കത്ത ലൈബീരിയൻ കപ്പലിന് സമീപമെത്തി. പ്രത്യേക സംഘം തീപിടിച്ച കപ്പലിൽ കയറി ജീവനക്കാരെ രക്ഷപ്പെടുത്തുകയായിരുന്നു.
മാർച്ച് രണ്ടിന് യമനിലെ ഹൂതി വിമതരുടെ ആക്രമണത്തിൽ തകരാറിലായ ബ്രിട്ടീഷ് ചരക്കുകപ്പൽ റൂബിമാർ ചെങ്കടലിൽ മുങ്ങിയിരുന്നു. ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത കപ്പലിന് നേരെ ഫെബ്രുവരി 18നാണ് ചെങ്കടലിൽ യെമനിലെ അൽ മോഖ തുറമുഖത്തിന് 35 നോട്ടിക്കൽ മൈൽ അകലെ ഹൂതികളുടെ മിസൈൽ ആക്രമണമുണ്ടായത്.
മധ്യ അമേരിക്കൻ രാജ്യമായ ബെലീസിന്‍റെ പതാക വഹിച്ചുള്ള കപ്പലിന് സാരമായ കേടുപാട് സംഭവിച്ചതിനെ തുടർന്ന് ജീവനക്കാർ കപ്പൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടിരുന്നു. ഗസ്സയിൽ ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന ക്രൂരതകൾ അവസാനിപ്പിക്കാത്തിടത്തോളം ഇസ്രായേലുമായും സഖ്യകക്ഷികളുമായും ബന്ധമുള്ള കപ്പലുകൾ ആക്രമിക്കുമെന്ന് ഹൂതികൾ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.