യുദ്ധക്കപ്പലുകളിൽ ഇനി പെൺകരുത്തും; നാവികസേനക്ക് ചരിത്ര നിമിഷം
text_fieldsകൊച്ചി: ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളിൽ ഇനി വനിതകളും. സബ് ലെഫ്റ്റനന്‍റ് കുമുദിനി ത്യാഗി, സബ് ലെഫ്റ്റനന്‍റ് റിതി സിങ് എന്നിവരെയാണ് യുദ്ധക്കപ്പലുകളിൽ സേവനത്തിനായി നിയോഗിക്കുന്നത്. ഉയർന്ന തസ്തികകളിൽ നിരവധി വനിത ഓഫിസർമാർ നാവികസേനയിൽ ഉണ്ടെങ്കിലും ആദ്യമായാണ് യുദ്ധക്കപ്പലുകളിൽ സേവനത്തിന് വനിതകളെ നിയോഗിക്കുന്നത്.
യുദ്ധക്കപ്പലുകളിലെ ഹെലികോപ്ടറുകളുടെ ചുമതലയാണ് കുമുദിനി ത്യാഗിക്കും റിതി സിങ്ങിനുമുള്ളത്. 60 മണിക്കൂർ ഒറ്റക്ക് ഹെലികോപ്റ്റർ പറത്തിയാണ് ഇരുവരും ഇതിനായി യോഗ്യത നേടിയത്. ബിടെക്ക് ബിരുദധാരികളായ ഇരുവരും 2018ലാണ് നാവികസേനയിൽ ചേർന്നത്. ദക്ഷിണ നാവികസേനാ ആസ്ഥാനമായ കൊച്ചി നേവല്‍ ബേസില്‍ നിന്നാണ് ഇവർ പരിശീലനം പൂർത്തിയാക്കിയത്. ഒബ്‌സെര്‍വര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ 17 പേരുടെ ബാച്ചിലാണ് കുമുദിനിയും റിതിയുമുള്ളത്.
നാവികസേനയുടെ അത്യന്താധുനിക എം.എച്ച്-60 ഹെലികോപ്ടറുകൾ പറത്താനാണ് ഇരുവരുടെയും ചുമതല. ആക്രമിക്കാനെത്തുന്ന കപ്പലുകളെയും അന്തർവാഹിനികളെയും തിരിച്ചറിയാനുള്ള നൂതന സംവിധാനങ്ങളാണ് എം.എച്ച്-60 ഹെലികോപ്ടറുകളിലുള്ളത്.
കപ്പലിലെ ക്വാർട്ടേഴ്സുകളിലെ സ്വകാര്യതക്കുറവും സ്ത്രീസൗഹൃദ ശൗചാലയങ്ങളുടെ അഭാവവുമാണ് മുൻകാലങ്ങളിൽ സ്ത്രീകളെ യുദ്ധക്കപ്പലുകളിൽ നിയമിക്കാതിരുന്നതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടിരുന്നത്.
ഇന്ത്യൻ വ്യോമസേനയുടെ റഫാൽ യുദ്ധവിമാനം പറത്താൻ വനിതാ പൈലറ്റുമാരുടെ ചുരുക്കപ്പട്ടിക തയാറാക്കിയതായ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് നാവികസേന വനിതാ ഓഫിസർമാരെ യുദ്ധകപ്പലിൽ വിന്യസിക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.