'ചില്ലുകൊട്ടാരത്തിൽ ഇരിക്കുന്നവർ കല്ലെറിയരുത്'; അധോലോക ബന്ധം തെളിയിക്കാൻ ഫഡ്നാവിസിനെ വെല്ലുവിളിച്ച് നവാബ് മാലിക്
text_fieldsമുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ പ്രതിയായ ആഡംബരക്കപ്പൽ ലഹരിക്കേസ് മഹാരാഷ്ട്രയിൽ രാഷ്ട്രീയ ഏറ്റുമുട്ടലിലേക്ക് വളരുന്നു. കേസിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോക്കെതിരെ നിരന്തരം ആരോപണമുന്നയിക്കുന്ന മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക്കിന് മറുപടിയുമായി മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തിയതോടെ ഏറ്റുമുട്ടൽ രൂക്ഷമാവുകയാണ്. നവാബ് മാലിക്കിന് അധോലോക ബന്ധമുണ്ടെന്നും അത് താൻ തുറന്നുകാട്ടുമെന്നും കഴിഞ്ഞ ദിവസം ഫഡ്നാവിസ് പറഞ്ഞിരുന്നു. അധോലോക ബന്ധമുണ്ടെങ്കിൽ അത് തെളിയിക്കാൻ ഫഡ്നാവിസിനെ വെല്ലുവിളിച്ച് നവാബ് മാലിക്കും രംഗത്തെത്തി.
ചില്ലുകൊട്ടാരത്തിൽ ഇരുന്ന് മറ്റുള്ളവരെ കല്ലെറിയരുതെന്ന് പറയാറുണ്ട്, ഞാൻ ചില്ലുകൊട്ടാരത്തിലല്ല ഇരിക്കുന്നത് -ഫഡ്നാവിസിനെ ലക്ഷ്യമിട്ട് നവാബ് മാലിക് പറഞ്ഞു. എനിക്ക് അധോലോക ബന്ധമുണ്ടെന്നാണ് പറയുന്നത്. ഞാൻ 62 വർഷമായി ജീവിക്കുന്നത് ഈ നഗരത്തിലാണ്. എനിക്ക് നേരെ കൈചൂണ്ടി ആർക്കെങ്കിലും പറയാനാകുമോ അധോലോക ബന്ധമുണ്ടെന്ന്. ഫഡ്നാവിസ് മുഖ്യമന്ത്രിയായിരുന്നല്ലോ. അഭ്യന്തരവും അദ്ദേഹത്തിനായിരുന്നു. ഞാൻ അധോലോക ബന്ധമുള്ളയാളാണെങ്കിൽ ഫഡ്നാവിസ് എന്തുകൊണ്ട് അത് അന്വേഷിച്ചില്ല -നവാബ് മാലിക് ചോദിച്ചു.
ദേവേന്ദ്ര ഫഡ്നാവിസും മയക്കുമരുന്ന് കച്ചവടക്കാരനായ ജയദീപ് റാണ എന്നയാളും തമ്മിൽ ബന്ധമുണ്ടെന്ന് മാലിക് ആരോപിച്ചതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ വാഗ്വാദം ആരംഭിച്ചത്. മയക്കുമരുന്ന് കേസിൽ ജയിലിലുള്ള ജയദീപ് റാണയും ഫഡ്നാവിസും ഒരുമിച്ചുള്ള ഫോട്ടോയായും പുറത്തുവിട്ടിരുന്നു.
സമീർ വാങ്കഡെയെ എൻ.സി.ബി തലപ്പത്ത് നിയോഗിച്ചത് ഫഡ്നാവിസിന്‍റെ ഇടപെടലിലൂടെയാണ്. ഇയാളാണ് റാക്കറ്റിന്‍റെ തലവൻ. ബോളിവുഡിനെ മഹാരാഷ്ട്രക്ക് പുറത്തേക്ക് കൊണ്ടുപോകാനുള്ള ബി.ജെ.പി നീക്കം മാത്രമാണ് ആഡംബരക്കപ്പൽ ലഹരിക്കേസ്. ബോളിവുഡിനെ അപകീർത്തിപ്പെടുത്താനുള്ള നീക്കം മാത്രമാണിതെന്നും നവാബ് മാലിക് ആരോപിച്ചിരുന്നു.
ഇതിന് മറുപടിയുമായി ഫഡ്നാവിസ് രംഗത്തെത്തി. നവാബ് മാലിക്കിന് അധോലോക നേതാക്കളുമായുള്ള ബന്ധം പുറത്തുകൊണ്ടുവരുമെന്നായിരുന്നു ഫഡ്നാവിസിന്‍റെ മറുപടി. മരുമകനെതിരായ എൻ.സി.ബി കേസ് ലഘൂകരിക്കാനായാണ് നവാബ് മാലിക് ഇത്തരം ആരോപണങ്ങളിലൂടെ ശ്രമിക്കുന്നത്. എല്ലാ കാര്യങ്ങളും ഞാൻ പുറത്തുകൊണ്ടുവരും. തെളിവില്ലാത്ത ഒരു കാര്യവും ഞാൻ പറയാറില്ല -ഫഡ്നാവിസ് പറഞ്ഞു.
ജയദീപ് റാണയുമായി തനിക്ക് ബന്ധമുണ്ടെന്ന വാദവും ഫഡ്നാവിസ് നിഷേധിച്ചു. റിവർ മാർച്ച് എന്ന സംഘടനയുടെ ഭാഗമായി വന്ന ഒരാളാണ് നവാബ് മാലിക് ട്വീറ്റ് ചെയ്ത ചിത്രത്തിലുള്ളതെന്ന് ഫഡ്നാവിസ് പറഞ്ഞു. 'ചിത്രത്തിലുള്ള വ്യക്തി എല്ലാവരുടെയും കൂടെ നിന്ന് ചിത്രം എടുത്തിരുന്നു. എന്‍റെ ഭാര്യയുടെ കൂടെയും എന്‍റെ കൂടെയും ചിത്രമെടുത്തു. എന്‍റെ ഭാര്യ ഒരു സാമൂഹിക പ്രവർത്തകയാണ്. എന്നെ ആക്രമിക്കാൻ വഴിയില്ലാതായപ്പോൾ ഭാര്യയെ ആക്രമിക്കുകയാണ്. മാന്യത കൈവിടാൻ ഞാൻ തയാറല്ല, എങ്കിലും ഇതിന് തക്കതായ മറുപടി നൽകും -ഫഡ്നാവിസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.