ഛത്തീസ്ഗഢിൽ നക്സൽ ആക്രമണത്തിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു
text_fieldsറായ്പൂർ: ഛത്തീസ്ഗഢിൽ നക്സിൽ ആക്രമണത്തിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു. ബിജാപ്പൂർ ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. നക്സലുകൾ സ്ഥാപിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടം.
സംസ്ഥാന ടാസ്ക് ഫോഴ്സിലെ ചീഫ് കോൺസ്റ്റബിൾ ഭാരത് ലാൽ സാഹു കോൺസ്റ്റബിൾ സാതർ സിങ് എന്നിവരാണ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടത്. മാണ്ഡിമാർക വനത്തിനുള്ളിൽ സ്ഥാപിച്ച സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. നാല് പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തു.
പുരുഷോത്തം നാഗ്, കോമൾ യാദവ്, സിയാറാം സോരി, സഞ്ജയ് കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതൽ മികച്ച ചികിത്സക്കായി ഇവരെ റായ്പൂരിലേക്ക് എയർലിഫ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.
നേരത്തെ ഛത്തിസ്ഗഢുമായി അതിർത്തി പങ്കിടുന്ന മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിലുണ്ടായ ഏറ്റുമുട്ടലിൽ 12 നക്സലുകളെ വധിച്ചതായി സുരക്ഷാസേന അറിയിച്ചിരുന്നു. ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച വൈകീട്ട്, വൻഡോളി ഗ്രാമത്തിലാണ് സി 60 കമാൻഡോസും നക്സലുകളും തമ്മിൽ ഏറ്റുമുട്ടിയത്.
ആറ് മണിക്കൂറോളം വെടിവെപ്പുണ്ടായി. പിന്നീട്, നടത്തിയ തിരച്ചിലിൽ 12 മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹങ്ങൾക്കരികിൽനിന്ന് തോക്കുകളും കണ്ടെടുത്തു. ഏറ്റുമുട്ടൽ നടന്ന മേഖലയുൾപ്പെടുന്ന തിപാഗഡ് ദളത്തിന്റെ നേതാവ് വിശാൽ അത്റാമും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. സി 60 കമാൻഡോസിലെ സബ് ഇൻസ്പെക്ടർക്കും ജവാനുമാണ് പരിക്കേറ്റത്. കമാൻഡോസിന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് 51ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കഴിഞ്ഞ മേയ് മാസത്തിലും മേഖലയിൽ നടന്ന സമാനമായ ഏറ്റുമുട്ടലിൽ മൂന്ന് നക്സലുകൾ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.