'നക്സൽ മാമാ, എന്‍റെ പപ്പയെ വിട്ടയക്കണേ'; അഞ്ചുവയസ്സുകാരി ശ്രഗ്വിയുടെ അഭ്യർഥന വെറുതെയായില്ല
text_fieldsശ്രീനഗർ: 'നക്സൽ മാമാ, എന്‍റെ പപ്പയെ വിട്ടയക്കണേ', -മാവോവാദികൾ ബന്ദിയാക്കിയ സി.ആർ.പി.എഫ് ജവാൻ രാകേശ്വർ സിങ് മൻഹാസിന്‍റെ അഞ്ചു വയസ്സുകാരി മകൾ ശ്രഗ്വിയുടെ അഭ്യർഥന കേട്ട് ഉള്ളുലയാത്തവരില്ല. ഒടുവിൽ, അഞ്ച് ദിവസത്തെ തടങ്കലിന് ശേഷം ഇന്ന് രാകേശ്വർ സിങ്ങിനെ മാവോവാദികൾ മോചിപ്പിച്ചപ്പോൾ അത്യാഹ്ലാദത്തിലാണ് കുടുംബം. 'എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാണിത്. അദ്ദേഹം തിരികെയെത്തുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു' -രാകേഷ് സിങ്ങിന്‍റെ ഭാര്യ മീനു മൻഹാസ് പറഞ്ഞു.
രാകേഷ് സിങ്ങിനെ മാവോവാദികൾ മോചിപ്പിച്ചതായി സി.ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ ഫോൺ വിളി എത്തിയതോടെ വീട്ടിൽ ആഘോഷം തുടങ്ങി. അഞ്ചുദിവസമായി വിഷാദം നിറഞ്ഞ അന്തരീക്ഷത്തിൽ ആനന്ദക്കണ്ണീർ തൂകി. കുടുംബാംഗങ്ങൾ പരസ്പരം ആലിംഗനം ചെയ്തും കൈകളുയർത്തിയും സന്തോഷം പ്രകടിപ്പിച്ചു.
രാകേശ്വറിനെ വിട്ടയക്കണമെന്ന് വിഡിയോയിലൂടെ കുടുംബം മാവോവാദികളോട് അഭ്യർഥിച്ചിരുന്നു. അച്ഛനെ വിട്ടയക്കണമെന്ന് അഞ്ച് വയസുകാരി മകൾ ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ ഏറെ പ്രചരിച്ചിരുന്നു.
ശനിയാഴ്ചയാണ് രാകേഷ് സിങ്ങിനെ മാവോവാദികൾ ബന്ദിയാക്കിയത്. 1000ലേറെ വരുന്ന വൻസൈനിക വിഭാഗം മാവോവാദി വേട്ടക്കായി ഛത്തീസ്ഗഡിലെ സുക്മ- ബിജാപൂർ അതിർത്തിയിലെ വനമേഖലയിൽ എത്തിയതായിരുന്നു. രഹസ്യ വിവരമനുസരിച്ചാണ് എത്തിയതെങ്കിലും ആരെയും കാണാതെ മടങ്ങുന്നതിനിടെ മാവോവാദികൾ ഒളിയാക്രമണം നടത്തി. ചിതറിപ്പോയ സേനയിൽ പലരും പല ഭാഗത്തായതിനാൽ വിവരങ്ങൾ പങ്കുവെക്കാൻ പോലും കഴിഞ്ഞില്ല. ഇതിനിടയിലാണ് രാകേശ്വറിനെ കാണാതായത്.
22 ജവാന്മാർ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചിരുന്നു. ഒരു സ്ത്രീ ഉൾപെടെ അഞ്ചു മാവോവാദികളും കൊല്ലപ്പെട്ടിരുന്നു.
മാവോവാദികളുമായി മധ്യസ്ഥ ചർച്ചക്ക് പദ്മശ്രീ ധരംപാൽ സൈനിയേയും ഗോണ്ട്വാന സമാദ് മേധാവി തേലം ബൊറൈയ്യയെയും സർക്കാർ നിയോഗിച്ചിരുന്നു. ഇവരുടെയും നൂറുകണക്കിന് ഗ്രാമീണരുടെയും സാന്നിധ്യത്തിലാണ് ജവാനെ മോചിപ്പിച്ചത്. പ്രാദേശിക മാധ്യമപ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. ബിജാപ്പൂരിലെ സി.ആർ.പി.എഫ് ക്യാമ്പിലെത്തിച്ച രാകേശ്വറിനെ ആരോഗ്യ പരിശോധനക്ക് വിധേയനാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.