ഹരിയാന: നായബ് സിങ് സൈനി നിയമസഭാ കക്ഷി നേതാവായി; മന്ത്രിസഭാ ചർച്ച തുടങ്ങി
text_fieldsന്യൂഡൽഹി: ഹരിയാനയിലെ ബി.ജെ.പിയുടെ നിയമസഭാ കക്ഷി നേതാവായി നായബ് സിങ് സൈനിയെ തെരഞ്ഞെടുത്തു. കേന്ദ്ര നിരീക്ഷകരായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും പങ്കെടുത്ത യോഗത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.എൽ.എമാർ ഐകകണ്ഠേനയാണ് സൈനിയെ നിർദേശിച്ചത്. എം.എൽ.എമാരായ കൃഷൻകുമാർ ബേദിയും അനിൽ വിജും ചേർന്ന് സൈനിയുടെ പേര് നിർദേശിക്കുകയായിരുന്നു. തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ഷാ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി. തുടർന്ന് ബുധനാഴ്ച രാജ്ഭവനിൽ ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയയെ കണ്ട സൈനി സർക്കാർ രൂപവത്കരിക്കാൻ അവകാശവാദം ഉന്നയിച്ചു. നായബ് സിങ് സൈനി വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
ഇതിനിടെ ജാതീയ സമവാക്യങ്ങൾ കൃത്യമാക്കി സന്തുലിതമായ മന്ത്രിസഭ രൂപവത്കരിക്കാനുള്ള ചർച്ചകൾ സജീവമാക്കുകയാണ് ബി.ജെ.പി. സൈനിയൊഴികെ ഹരിയാന നിയമസഭയിൽ 13 മന്ത്രിസ്ഥാനങ്ങളാണുള്ളത്. മുൻമന്ത്രിമാരിൽ ഇക്കുറി വിജയിച്ച മഹിപാൽ ദാണ്ഡയും മൂൽ ചന്ദ് ശർമയും മന്ത്രിസഭയിലുണ്ടായേക്കുമെന്നാണ് വിവരം. ബാക്കിയുള്ള മന്ത്രിസ്ഥാനങ്ങൾക്കായി ചരടുവലികൾ ഊർജിതമാണ്. ദലിത് വിഭാഗത്തിൽനിന്ന് ഒമ്പത്, പഞ്ചാബി വംശജരായ എട്ടുപേർ, ഏഴ് ബ്രാഹ്മണർ, ജാട്ടിൽനിന്നും യാദവരിൽനിന്നും ആറുവീതവും എം.എൽ.എമാർക്ക് പുറമെ ഗുർജറുകൾ, രജപുത്രർ, വൈശ്യർ, പിന്നോക്ക വിഭാഗങ്ങൾ എന്നിവയിൽനിന്നും ഇക്കുറി പ്രാതിനിധ്യമുണ്ട്. ബ്രാഹ്മണരിൽ ബല്ലാബ്ഗഡിൽനിന്ന് മൂന്ന് തവണ എം.എൽ.എയായ മൂൽ ചന്ദ് ശർമക്ക് പുറമെ ഗൊഹാനയിൽ വിജയിച്ച അരവിന്ദ് ശർമയും പരിഗണനയിലുണ്ട്. ഒരിക്കലും ബി.ജെ.പി വിജയിച്ചിട്ടില്ലാത്ത സഫിഡോൺ ഇക്കുറി പിടിച്ചെടുത്ത രാം ഗൗതവും മന്ത്രിസഭയിൽ എത്തിയേക്കാം. കോൺഗ്രസിനെ പരാജയപ്പെടുത്തുന്നതിൽ നിർണായകമായ അഹിർവാൾ ബെൽറ്റിലെ ആറ് എം.എൽ.എമാർക്കും അർഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തണ്ടി വന്നേക്കും.
വൈശ്യരിൽ മുൻ മന്ത്രി വിപുൽ ഗോയലിന്റെ പേരാണ് പരിഗണിക്കുന്നത്. രജപുത്രരിൽനിന്ന് ശ്യാം സിങ് റാണയും ഹർവിന്ദർ കല്യാണും പരിഗണനയിലുണ്ട്. പിന്നാക്ക വിഭാഗത്തിൽ മുൻ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ രൻബീർ ഗംഗ്വയും ഗുജറുകളിൽ തിഗാവോൺ എം.എൽ.എ രാജേഷ് നഗറും പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. നിലവിലെ സർക്കാറിൽ ബി.ജെ.പിക്ക് ഒമ്പത് ദലിത് എം.എൽ.എമാരാണ്. ഇവരിൽ മുൻനിരയിലുള്ള കൃഷ്ണ ലാൽ പൻവാർ ആറാം തവണയാണ് നിയമസഭയിൽ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.