'പരാജയത്തിന്റെ ഇച്ഛാഭംഗം നിങ്ങളെ വേട്ടയാടരുത്’; സംഘപരിവാർ സൈബർ ആക്രമണങ്ങളോട് പ്രതികരിച്ച് കോൺഗ്രസ് എം.എൽ.എ
text_fieldsബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളോട് പ്രതികരിച്ച് കോൺഗ്രസ് യുവ എം.എൽ.എ നയന ജാവർ. വ്യക്തിജീവിതവും രാഷ്ട്രീയവും രണ്ടായി കാണണമെന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ അവർ ആവശ്യപ്പെട്ടു. സ്വകാര്യ ചിത്രങ്ങളുടെ കൊളാഷ് അടങ്ങുന്ന വീഡിയോയും അവർ പങ്കുവച്ചു.
'പരാജയത്തിന്റെ ഇച്ഛാഭംഗം നിങ്ങളെ വേട്ടയാടരുത്. രാഷ്ട്രീയവും വ്യക്തിജീവിതവും എന്താണ് എന്ന തിരിച്ചറിയാത്ത വിഡ്ഢികൾക്കുള്ള ഉത്തരമാണിത്' എന്ന കുറിപ്പോടെയാണ് ഇവർ വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരുടെ വിജയത്തിന് പിന്നാലെ നയനയുടെ സ്വകാര്യചിത്രങ്ങൾ സംഘ് പ്രൊഫൈലുകൾ പ്രചരിപ്പിച്ചിരുന്നു.
മുദിഗെരെ മണ്ഡലത്തിൽനിന്നാണ് 43കാരിയായ നയന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഭരണകക്ഷിയുടെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ എം.എൽ.എയാണ്. ബി.ജെ.പിയുടെ ദീപക് ദൊദ്ദയ്യയെ ചെറിയ മാർജിനിലാണ് ഇവർ പരാജയപ്പെടുത്തിയത്. നാഷണൽ ലോ സ്‌കൂളിൽ പഠിച്ച ഇവർ പെൻസിൽവാനിയ സർവകലാശാലയിൽനിന്നാണ് മാസ്റ്റേഴ്‌സ് കരസ്ഥമാക്കിയത്.
നിയമസഭയിലേക്ക് നയനയ്ക്ക് പുറമേ, കോൺഗ്രസിൽനിന്ന് മൂന്ന് വനിതകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ലക്ഷ്മി ഹെബ്ബാൾക്കർ (ബെലഗാവി റൂറൽ), കനീസ് ഫാത്തിമ (കലബുറഗി നോർത്ത്), രൂപകല (കെ.ജി.എഫ്) എന്നിവരാണിവർ. സംസ്ഥാനത്ത് ആകെ 185 വനിതാ സ്ഥാനാർഥികളാണ് ഇത്തവണ രംഗത്തുണ്ടായിരുന്നത്. ഇതിൽ പത്തുപേരാണ് വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.