ആറു വർഷം മുൻപ് വിവാഹം രജിസ്റ്റർ ചെയ്തു -പ്രതികരിച്ച് നയൻതാരയും വിഘ്നേഷും
text_fieldsചെന്നൈ: വിവാഹം കഴിഞ്ഞ് നാലു മാസത്തിനുള്ളിൽ വാടക ഗർഭധാരണത്തിലൂടെ അമ്മയായതിൽ നിയമപ്രശ്നങ്ങൾ ഇല്ലെന്ന് ദക്ഷിണേന്ത്യൻ നടി നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും. ആറു വർഷം മുൻപ് വിവാഹം രജിസ്റ്റർ ചെയ്തിരുന്നുവെന്നും കഴിഞ്ഞ ഡിസംബറിലാണ് വാടക ഗർഭധാരണത്തിന് നടപടികൾ തുടങ്ങിയതെന്നും താരദമ്പതികൾ തമിഴ്നാട് ആരോഗ്യ വകുപ്പിന് നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചു.
വിവാഹ രജിസ്റ്റർ രേഖകളും ഇതോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ആറു വർഷം കഴിയാതെ വാടക ഗർഭധാരണത്തിന് നിലവിൽ നിയമം അനുവദിക്കുന്നില്ല. കുഞ്ഞുങ്ങൾ ജനിച്ച വിവരം പുറത്തു വന്നതിനു പിന്നാലെ ഇക്കാര്യം ചൂണ്ടികാണിച്ച് തമിഴ്നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് വാടക ഗർഭധാരണത്തിനുള്ള നിയമങ്ങൾ താരം ലംഘിച്ചോയെന്ന് അന്വേഷിക്കുന്നത്. ചെന്നൈയിലെ വന്ധ്യതാ ക്ലിനിക്കിൽ വച്ചാണ് പ്രസവം നടന്നതെന്ന വിവരം നേരത്തെ പുറത്തായിരുന്നു. ദുബൈയിൽ താമസിക്കുന്ന മലയാളിയാണ് വാടക ഗർഭം ധരിച്ചതന്നെ വിവരവും പുറത്തുവന്നിട്ടുണ്ട്.
വാടക ഗർഭധാരണ നിയമങ്ങൾ പാലിച്ചാണോ താരദമ്പതികൾ കുഞ്ഞുങ്ങളെ സ്വന്തമാക്കിയതെന്ന് വ്യക്തമാക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് സംസ്ഥാന മെഡിക്കൽ കോളജ് ഡയറക്ടറേറ്റ് ഇവരോട് വിശദീകരണം തേടിയിരുന്നു.
2022 ജനുവരി 25 മുതൽ രാജ്യത്ത് വാണിജ്യാടിസ്ഥാനത്തിൽ വാടക ഗർഭധാരണം നിയമപരമായി നിരോധിച്ചിട്ടുണ്ട്. 21-36 വയസ്സ് പ്രായമുള്ള വിവാഹിതക്ക് ഭർത്താവിന്റെ സമ്മതത്തോടെ മാത്രമെ അണ്ഡം ദാനം ചെയ്യാനാവൂ. വിവാഹം കഴിഞ്ഞ് അഞ്ചു വർഷം പൂർത്തിയായിട്ടും കുഞ്ഞുണ്ടാവാത്ത നിലയിൽ മാത്രമെ വാടക ഗർഭധാരണത്തിന് അനുമതിയുള്ളു. വാടക ഗർഭധാരണം നടത്തുന്ന സ്ത്രീക്ക് ദമ്പതികളുമായി ജനിതക ബന്ധമുണ്ടായിരിക്കണം. ഇത്തരം നിരവധി നിബന്ധനകൾ നിലനിൽക്കെ നയൻതാരക്കും വിഗ്നേഷ് ശിവനും വിവാഹം കഴിഞ്ഞ് നാലു മാസത്തിനകം വാടക ഗർഭധാരണം സാധ്യമായതാണ് വിവാദമായത്. കഴിഞ്ഞ ജൂണിലാണ് നയൻതാരയും വിഗ്നേഷും വിവാഹിതരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.