'നാസി ഭരണകൂടം വേട്ട തുടരുന്നു'; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി തേജസ്വി യാദവ്
text_fieldsപാറ്റ്ന: ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്‍റെയും നടി തപ്സി പന്നുവിന്‍റെയും വീടുകളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയതിന് പിന്നാലെ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. കേന്ദ്ര സർക്കാറിനെ നാസി സർക്കാർ എന്ന് വിശേഷിപ്പിച്ച തേജസ്വി, അനുരാഗ് കശ്യപിന്‍റെയും തപ്സി പന്നുവിന്‍റെയും വീടുകളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയതിൽ പ്രതിഷേധിക്കുന്നതായും ട്വീറ്റ് ചെയ്തു.
'ആദ്യം അവർ രാഷ്ട്രീയ എതിരാളികളുടെ പ്രതിച്ഛായ തകർക്കാൻ ആദായനികുതി വകുപ്പിനെയും സി.ബി.ഐയെയും എൻഫോഴ്സ്മെന്‍റിനെയും ഉപയോഗിച്ച് റെയ്ഡുകൾ നടത്തി. സത്യം പറയുന്നതിന്‍റെ പേരിൽ നാസി ഭരണകൂടം ഇപ്പോൾ സാമൂഹിക പ്രവർത്തകരെയും ജേണലിസ്റ്റുകളെയും കലാകാരന്മാരെയും വേട്ടയാടുകയാണ്. ഇത് പ്രതിഷേധാർഹമാണ്' -തേജസ്വി യാദവ് ട്വീറ്റ് ചെയ്തു.
അനുരാഗ് കശ്യപ്, തപ്സി പന്നു എന്നിവരുമായി ബന്ധപ്പെട്ട 20ഓളം ഇടങ്ങളിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. നിർമാതാവും സംരംഭകനുമായ മധു വർമ മന്തേനയുടെ വീട്ടിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നുണ്ട്. മുംബൈ, പുണെ തുടങ്ങിയ ഇടങ്ങളിലാണ് റെയ്ഡ്. നികുതി വെട്ടിപ്പ് നടത്തുന്നുവെന്ന ആരോപണത്തെ തുടർന്നാണ് പരിശോധന.
ദേശീയ വിഷയങ്ങളിൽ നിരന്തരം അഭിപ്രായം പറയുന്ന വ്യക്തികളാണ് അനുരാഗ് കശ്യപും തപ്സി പന്നുവും. സംഘ്പരിവാറിന്‍റെ നിരന്തര വിമർശകർ കൂടിയാണ് ഇവർ. കർഷക സമരവുമായി ബന്ധപ്പെട്ട് തപ്സി പന്നു നടത്തിയ പരാമർശങ്ങൾ കേന്ദ്രത്തിനെ ചൊടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.