‘വിദ്വേഷ പ്രചാരണം നടത്തിയ ചാനലുകൾ മുസ്‍ലിം സമുദായത്തിനെതിരായ വാർത്തകളും വിഡിയോകളും പിൻവലിക്കണം’, പിഴയും ചുമത്തി ന്യൂസ് ബ്രോഡ്കാസ്റ്റിങ് അതോറിറ്റി
text_fieldsന്യൂഡൽഹി: ലവ് ജിഹാദിന്‍റെ പേരിൽ മുസ്‍ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയ പ്രമുഖ ദേശീയ വാർത്ത ചാനലുകൾക്കെതിരെ നടപടിയെടുത്ത് ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേർഡ്സ് അതോറിറ്റി (എൻ.ബി.ഡി.എസ്.എ). ആക്ടിവിസ്റ്റ് ഇന്ദ്രജിത് ഘോർപഡെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എ.കെ. സിക്രിയുടെ നേതൃത്വത്തിലുള്ള സമിതി ന്യൂസ് 18 ഇന്ത്യ, ആജ് തക്, ടൈംസ് നൗ നവഭാരത് ചാനലുകൾക്കെതിരെ നടപടിയെടുത്തത്.
ടൈംസ് നൗ നവഭാരതിന് ഒരു ലക്ഷം രൂപയും ന്യൂസ് 18 ഇന്ത്യക്ക് 50,000 രൂപയും പിഴ ചുമത്തി. ആജ് തക്കിനെ ശാസിച്ചു. ഇതുമായി ബന്ധപ്പെട്ട് നൽകിയ വാർത്തകളും വിഡിയോകളും ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽനിന്ന് ഏഴു ദിവസത്തിനകം പിൻവലിക്കാനും കർശന നിർദേശം നൽകിയിട്ടുണ്ട്. ടൈംസ് നൗ നവഭാരതിൽ അവതാരകൻ ഹിമാൻഷു ദീക്ഷിത് അവതരിപ്പിച്ച പരിപാടിയാണ് ചാനലിനെതിരെ നടപടിയെടുക്കാൻ ന്യൂസ് ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയെ നിർബന്ധിപ്പിച്ചത്.
മിശ്രവിവാഹങ്ങളെല്ലാം ലവ് ജിഹാദായി ചിത്രീകരിക്കുകയും ഇതിലൂടെ മുസ്‍ലിം സമുദായത്തെ ലക്ഷ്യമിട്ടെന്നും സമിതി ചൂണ്ടിക്കാട്ടി. ന്യൂസ് 18 ഇന്ത്യയിൽ അമൻ ചോപ്രയും അമിഷ് ദേവ്ഗണും അവതരിപ്പിച്ച പരിപാടികൾക്കാണ് പിഴ ചുമത്തിയത്. ശ്രദ്ധ വാക്കർ കേസിനെ ലവ് ജിഹാദായി ചിത്രീകരിച്ച് മുസ്‍ലിം വിദ്വേഷം പരത്തിയെന്ന് സമിതി കണ്ടെത്തി. രാം നവമി ദിനത്തിൽ നടന്ന അക്രമങ്ങളുടെ പേരിൽ ഒരു പ്രത്യേക മതത്തെ ലക്ഷ്യമിട്ടതിനാണ് ആജ് തക്കിലെ സുധീർ ചൗധരിയെ എൻ.ബി.ഡി.എസ്.എ ശാസിച്ചത്.
ചാനലുകൾ പക്ഷപാതപരമായി വാർത്തകൾ നൽകിയെന്നും ബ്രോഡ്കാസ്റ്റിങ് മാനദണ്ഡങ്ങൾ ലംഘിച്ചെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. വിദ്വേഷ പ്രസംഗം തടയുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ചാനലുകൾ ലംഘിച്ചതായി എൻ.ബി.ഡി.എസ്.എ വ്യക്തമാക്കി. മാധ്യമങ്ങൾക്ക് ഇഷ്ടമുള്ള ഏത് വിഷയത്തിലും സംവാദം നടത്താൻ അവകാശമുണ്ടെന്നും ഏതാനും വ്യക്തികളുടെ പ്രവൃത്തികളിൽ ഒരു സമൂഹത്തെ മുഴുവൻ ലക്ഷ്യമിടുന്നത് ഒഴിവാക്കണമെന്നും സമിതി നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.