കശ്മീരിൽ എൻ.സി-പി.ഡി.പി-കോൺഗ്രസ് സഖ്യം; അൽതാഫ് ബുഖാരി മുഖ്യമന്ത്രിയായേക്കും
text_fieldsശ്രീനഗർ: രാഷ്ട്രപതി ഭരണമുള്ള ജമ്മു കശ്മീരിൽ സർക്കാർ രൂപീകരിക്കാൻ മുഖ്യ രാഷ്ട്രീയ പാർട്ടികളായ നാഷണൽ കോൺഫറൻസും (എൻ.സി) പീപ്പിൾ ഡെമോക്രാറ്റിക് പാർട്ടി (പി.ഡിപി)യും നീക്കമാരംഭിച്ചു. പ്രധാന പാർട്ടിയായ കോൺഗ്രസിന്‍റെ പിന്തുണയോടെ ഭരണത്തിലേറാനുള്ള നീക്കമാണ് മെഹ്ബൂബ മുഫ്തിയും ഉമർ അബ്ദുല്ലയും നടത്തുന്നത്.
പി.ഡി.പിയുടെ മുതിർന്ന നേതാവ് അൽതാഫ് ബുഖാരി മുഖ്യമന്ത്രിയായേക്കുമെന്നും സൂചനയുണ്ട്. മുൻ ധനമന്ത്രിയായിരുന്ന ബുഖാരി, ഇതുമായി ബന്ധപ്പെട്ട് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ലയുമായി കൂടിക്കാഴ്ച നടത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അടുത്ത മാസം രാഷ്ട്രപതി ഭരണത്തിന്‍റെ കാലാവധി പൂർത്തിയാകാൻ ഇരിക്കെയാണ് രാഷ്ട്രീയ നീക്കം ശക്തിപ്പെട്ടത്. എൻ.സി-പി.ഡി.പി സർക്കാറിനെ പിന്തുണക്കുന്നതിൽ അനുകൂല നിലപാടാണ് കോൺഗ്രസ് കേന്ദ്രനേതൃത്വം സ്വീകരിച്ചിട്ടുള്ളതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 25 അംഗങ്ങളുള്ള ബി.ജെ.പി പിന്തുണ പിൻവലിച്ചതിന് പിന്നാലെ കഴിഞ്ഞ ജൂൺ 19നാണ് മെഹ്ബൂബ മുഫ്തി സർക്കാർ രാജിവെച്ചത്.
രണ്ട് നാമനിർദേശ അംഗങ്ങൾ അടക്കം 89 പ്രതിനിധികളുള്ള ജമ്മു കശ്മീർ നിയമസഭയിൽ പി.ഡി.പിക്ക് 28 അംഗങ്ങളാണുള്ളത്. നാഷണൽ കോൺഫറൻസ്-15, കോൺഗ്രസ്- 12, ജെ.കെ.പി.സി-2, സി.പി.എം, ജെ.കെ.പി.ഡി.എഫ് എന്നിവർക്ക് ഒന്ന് വീതം, മൂന്ന് സ്വതന്ത്രർ എന്നിവരാണ് മറ്റ് അംഗങ്ങൾ.
പി.ഡി.പിയുടെ 28ഉം നാഷണൽ കോൺഫറൻസിന്‍റെ 15ഉം കോൺഗ്രസിന്‍റെ 12ഉം അംഗങ്ങൾ യോജിച്ചാൽ 87 അംഗ നിയമസഭയിൽ ഭൂരിപക്ഷമായ 44 തികക്കാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.