മുംബൈയിൽ ദാവൂദ് ഇബ്രാഹിം സംഘാംഗത്തിന്‍റെ മയക്കുമരുന്ന് ഫാക്ടറി; പിടിച്ചെടുത്തതിൽ ആയുധങ്ങളും
text_fieldsമുംബൈ: ദക്ഷിണ മുംബൈയിലെ ഡ്രോംഗിയിൽ ദാവൂദ് ഇബ്രാഹിം സംഘാംഗത്തിന്‍റെ മയക്കുമരുന്ന് ഫാക്ടറി കണ്ടെത്തി. ബുധനാഴ്ച അറസ്റ്റിലായ ചിങ്കു പഠാൺ എന്ന പർവേശ് ഖാന്‍ നടത്തുന്ന രഹസ്യ ഫാക്ടറിയാണ് നാർകോട്ടിക്ക് കംട്രോൾ ബ്യൂറോ (എൻ.സി.ബി) കണ്ടെത്തിയത്.
സ്ഥലത്തു നിന്ന് ആയുധങ്ങളും മയക്കുമരുന്നും മയക്കുമരുന്ന് നിർമാണത്തിനായി ശേഖരിച്ച വസ്തുക്കളും കണ്ടെത്തിയതായി എൻ.സി.ബി പറഞ്ഞു.
വിദഗ്ധരുടെ സഹായത്തോടെ മെഫഡ്രിൻ ഉൽപാദിപ്പിച്ച് പർവേശ് മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും വിതരണം ചെയ്തുവരികയായിരുന്നു. നവി മുംബൈയിലെ ഒളിത്താവളത്തിൽ നിന്നാണ് പർവേശിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ ഫാക്ടറിയെ കുറിച്ച് വെളിപ്പെടുത്തുകയായിരുന്നുവെന്ന് എൻ.സി.ബി ഉദ്യോഗസ്ഥർ പറഞ്ഞു.
ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് എൻ.സി.ബി മുംബൈയിൽ മയക്കുമരുന്ന് വേട്ട ശക്തമാക്കിയത്. വിവിധ കേസുകളിലായി നടി റിയ ചക്രവർത്തി, വ്യവസായി മുച്ചഡ് പാൻവാലയുടെ രാംകുമാർ തിവാരി, മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്‍റെ മരുമകൻ സമീർ ഖാൻ തുടങ്ങി നിരവധിപേർ അറസ്റ്റിലായി. റിയയും രാംകുമാർ തിവാരിയും ജാമ്യത്തിൽ പുറത്തിറങ്ങി. നടൻ അർജുൻ രാംപാൽ, നടിമാരായ ദീപിക പദുകോൺ, സാറ അലിഖാൻ തുടങ്ങിയവരെ എൻ.സി.ബി ചോദ്യം ചെയ്യുകയും ചെയ്തു.
ആദ്യമായാണ് മുംബൈയിൽ മയക്കുമരുന്ന് ഫാക്ടറി കണ്ടെത്തുന്നത്. നൈജീരിയൻ സ്വദേശി പോൾ ചിക്ബാട്ട ഒാണോറൊയുടെ അറസ്റ്റാണ് കൂടുതൽ റെയ്ഡുകൾക്കും പർവേശിന്‍റെ അറസ്റ്റിനും വഴിവെച്ചതെന്ന് എൻ.സി.ബി പറഞ്ഞു.
ജനുവരി 15 ന് നവി മുംബൈയിലെ ഫ്ളാറ്റിൽ നിന്നാണ് പോൾ ചിക്ബാട്ടയെ എൻ.സി.ബി അറസ്റ്റ് ചെയ്തത്. പർവേശിന്‍റെ സംഘത്തിലെ കണ്ണിയാണ് ഇയാൾ. 60 കളിലെ അധോലോക നേതാവ് കരിം ലാലയുടെ ബന്ധുകൂടിയാണ് പർവേശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.