ആര്യൻ ഖാനെതിരായ കേസ് എൻ.സി.ബി ഏറെ വളച്ചൊടിച്ചെന്ന് മുകുൾ റോഹ്തഹി
text_fieldsമുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസ് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ വളരെയേറെ വളച്ചൊടിച്ചെന്ന് മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി. മുൻ അറ്റോർണി ജനറൽ കൂടിയായ മുകുൾ റോഹ്തഗിയാണ് ആര്യന് വേണ്ടി കോടതിയിൽ ഹാജരായത്. ആര്യൻ ഖാനെതിരെ എൻ.സി.ബിക്ക് യാതൊരു തെളിവും ഉണ്ടായിരുന്നില്ലെന്നും 'ഇന്ത്യ ടുഡേ'ക്ക് നൽകിയ അഭിമുഖത്തിൽ മുകുൾ റോഹ്തഗി പറഞ്ഞു.
അന്വേഷണ ഏജൻസികൾ ഒരാളെ അറസ്റ്റ് ചെയ്താൽ അയാളെ ജയിലിൽ തളച്ചിടാനാനാണ് ശ്രമിക്കുന്നതെന്ന് മുകുൾ റോഹ്തഗി ചൂണ്ടിക്കാട്ടി. ജയിലുകൾ നിറയുന്നത് കുറയ്ക്കാൻ ഇത്തരം അന്വേഷണ ഏജൻസികളെ ബോധവത്കരിക്കേണ്ടിയിരിക്കുന്നു. ആര്യൻ ഖാന്‍റെ കേസിന് പ്രധാനമായും രണ്ട് വശങ്ങളാണുണ്ടായിരുന്നത്. ആര്യൻ ഖാനിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്താനായിട്ടില്ലായെന്നതും അർബാസ് മർച്ചന്‍റിന്‍റെ സുഹൃത്താണെന്നതും. മയക്കുമരുന്ന് ഉപഭോഗം, കച്ചവടം, വലിയ തോതിൽ കൈവശം വെക്കൽ എന്നിവക്കൊന്നും തെളിവുകളില്ല. എന്നാൽ, വാണിജ്യ ഉപയോഗത്തിനായി കൊണ്ടുവന്ന മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസാക്കി ഇതിനെ മാറ്റാനാണ് എൻ.സി.ബി ശ്രമിച്ചത്.
മയക്കുമരുന്ന് കേസിൽ നിയമം തന്നെ വ്യക്തമായി വേർതിരിച്ച് പറയുന്നുണ്ട്. ഒരാളുടെ കൈയിൽ ഉപയോഗത്തിനായി ചെറിയ അളവിൽ മയക്കുമരുന്നാണ് ഉണ്ടായിരുന്നതെങ്കിൽ അയാളെ മയക്കുമരുന്ന് കച്ചവടക്കാരിൽ നിന്ന് വേർതിരിച്ച് കാണണം. എന്നാൽ, ഇങ്ങനെ വേർതിരിച്ച് കാണാൻ അന്വേഷണ ഏജൻസി തയാറാകുന്നില്ല. ആര്യൻ ഖാന് മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുണ്ടെന്ന വാദത്തിനായി തീർത്തും അപരിചതരായവരെ പോലും ആര്യനുമായി ബന്ധപ്പെടുത്തി.
അർധ വിചാരണയായി കണ്ടിട്ടാണ് മിക്ക കോടതികളും കേസുകളിൽ ജാമ്യം നിഷേധിക്കുന്നത്. 'ജാമ്യമാണ് ചട്ടം, ജയിൽ അതിൽ നിന്നുള്ള ഒഴികഴിവാണ്' എന്ന് 1978ൽ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുള്ളത് ആളുകൾ മറക്കുന്നു. ചെറിയ അളവിൽ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ഒരാൾ സമ്മതിച്ചാൽ അയാളെ അറസ്റ്റ് ചെയ്യാനാവില്ല. പുനരധിവാസത്തിന് സമ്മതിക്കുകയാണെങ്കിൽ അയാളെ കുറ്റവിചാരണ ചെയ്യാനുമാവില്ല. 2001ൽ നിയമം ചൂണ്ടിക്കാട്ടിയത് അതാണ്. നിർഭാഗ്യവശാൽ അതാരും കാണാതെ പോയി. എല്ലാവരുമിപ്പോൾ ഒരേ ബ്രഷ് ഉപയോഗിച്ച് ചിത്രം വരക്കുകയാണ്.
നാർകോട്ടിക്സ് നിയമത്തിന്‍റെ ഉദ്ദേശ്യശുദ്ധി എന്താണെന്നത് സംബന്ധിച്ച് സാമൂഹിക നീതി വകുപ്പ് തന്നെ നമ്മളെ ഓർമപ്പെടുത്തിയിട്ടുണ്ട്. വലിയ മീനുകളെ പിടിക്കാനുണ്ട്. അതിർത്തികളിലൂടെ വൻതോതിൽ മയക്കുമരുന്ന് കടത്തുന്നുണ്ട്. ഇവരെ പിടിക്കൂ. മാതൃകാപരമായ ശിക്ഷ നൽകൂ. ഇവിടെ, ഏതാനും യുവാക്കളെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഒരു മാസം പിന്നിട്ടുകഴിഞ്ഞു. എന്താണ് എൻ.സി.ബിക്ക് കണ്ടെത്താനായത്? ഒന്നുമില്ല. ശരിയായ ട്രാക്കിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണ്. ഏതാനും ചിലരെ പിടികൂടുന്നതിൽ മാത്രമാണ് ശ്രദ്ധ നൽകുന്നത് -മുകുൾ രോഹ്തഗി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.