ആര്യൻ ഖാൻ കേസിലെ കൈക്കൂലി ആരോപണം; സമീർ വാങ്കഡെക്കെതിരെ വിജിലൻസ് അന്വേഷണത്തിന് എൻ.സി.ബി
text_fieldsമുംബൈ: ആര്യൻ ഖാൻ പ്രതിയായ ആഡംബരക്കപ്പൽ ലഹരിപാർട്ടി കേസ് ഒതുക്കാൻ 25 കോടിയുടെ ഇടപാട് നടക്കുന്നുവെന്ന ആരോപണം കേസിലെ സാക്ഷി ഉയർത്തിയതിന് പിന്നാലെ സോണൽ ഡയറക്ടർ സമീർ വാങ്കഡെക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് എൻ.സി.ബി. എൻ.സി.ബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗ്യാനേശ്വർ സിങ്ങിന്‍റെ മേൽനോട്ടത്തിലാണ് അന്വേഷണം. അന്വേഷണത്തിന് തുടക്കമിട്ടിട്ടേയുള്ളൂവെന്നും സമീർ വാങ്കഡെ സ്ഥാനത്ത് തുടരുമോയെന്ന കാര്യം ഈ ഘട്ടത്തിൽ പറയാനാകില്ലെന്നും ഗ്യാനേശ്വർ വ്യക്തമാക്കി. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായ ഗ്യാനേഷര്‍ സിങ് എന്‍.സി.ബിയുടെ ചീഫ് വിജിലന്‍സ് ഓഫിസര്‍ കൂടിയാണ്.
എൻ.സി.ബിക്കെതിരെ ഉയർന്ന കൈക്കൂലി ആരോപണത്തിൽ ഡയറക്ടർ ജനറലിന് മുംബൈ എൻ.സി.ബി അധികൃതർ വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
എൻ.സി.ബിക്കെതിരെ ഗുരുതര ആരോപണം ഉയർത്തി സത്യവാങ്മൂലം നൽകിയ മയക്കുമരുന്ന് കേസിലെ സാക്ഷി പ്രഭാകർ സെയിൽ തിങ്കളാഴ്ച മുംബൈ പൊലീസ് കമീഷണറുടെ ഓഫിസിലെത്തി. സുരക്ഷ സംബന്ധിച്ച ആശങ്കയറിയിക്കാനായാണ് ഇദ്ദേഹം മുതിർന്ന ഉദ്യോഗസ്ഥരെ കണ്ടത്. താൻ കൊല്ലപ്പെടാൻ വരെ സാധ്യതയുണ്ടെന്ന് പ്രഭാകർ സെയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
കോടികളുടെ ഇടപാടാണ് ലഹരികേസിന്‍റെ മറവിൽ നടക്കുന്നതെന്ന് കാട്ടിയാണ് കേസിലെ സാക്ഷിയായ പ്രഭാകർ സെയിൽ സത്യവാങ്മൂലം നൽകിയത്. കേസിലെ മറ്റൊരു സാക്ഷിയായ കെ.പി. ഗോസാവിയുടെ അംഗരക്ഷകനാണ് പ്രഭാകർ സെയിൽ. എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ ഉൾപ്പെടെയുള്ളവർ ചേർന്ന് ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമമാണെന്നായിരുന്നു ഇയാളുടെ ആരോപണം.
കേസിലെ സാക്ഷിയും മറ്റൊരു വഞ്ചന കേസിലെ പ്രതിയുമായ കെ.പി. ഗോസാവിയും സാം ഡിസൂസ എന്നയാളുമായി 18 കോടിയുടെ 'ഡീല്‍' ചര്‍ച്ച നടന്നു എന്നാണ് പ്രഭാകര്‍ സെയില്‍ വെളിപ്പെടുത്തിയത്. എട്ട് കോടി എന്‍.സി.ബി സോണൽ ഡയറക്ടർ സമീര്‍ വാങ്കഡെയ്ക്ക് നല്‍കാനും ധാരണയായെന്ന് പ്രഭാകര്‍ സെയില്‍ ആരോപിച്ചു.
'നിങ്ങള്‍ 25 കോടിയുടെ ബോംബിട്ടു. നമുക്കിത് 18 കോടിയില്‍ ഒതുക്കിത്തീര്‍ക്കാം. എട്ട് കോടി സമീര്‍ വാങ്കഡെയ്ക്ക് നല്‍കാം'- ഒക്ടോബര്‍ മൂന്നിന് സാം ഡിസൂസ എന്നയാളും കേസിലെ സാക്ഷിയായ ഗോസാവിയും തമ്മില്‍ കണ്ടെന്നും ഇക്കാര്യമാണ് അവര്‍ സംസാരിച്ചതെന്നും പ്രഭാകര്‍ സെയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ജീവന് ഭീഷണിയുള്ളതിനാലാണ് ഇങ്ങനെയൊരു സത്യവാങ്മൂലം ഫയൽ ചെയതതെന്നും പ്രഭാകർ സെയിൽ പറയുന്നു.
അതേസമയം, സാം ഡിസൂസ ആരാണെന്ന് ഇപ്പോള്‍ വ്യക്തമല്ല. ഇരുവരും ഗൂഢാലോചന നടത്തി ഷാരൂഖില്‍ നിന്നും പണം തട്ടാനാണോ പദ്ധതിയിട്ടതെന്നും വ്യക്തമായിട്ടില്ല. ആര്യൻ ഖാനെ എന്‍.സി.ബി ഓഫിസിലെത്തിച്ചപ്പോള്‍ കെ.പി. ഗോസാവിയെടുത്ത സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
തന്നെ സാക്ഷിയാക്കുകയായിരുന്നെന്നും റെയ്ഡ് നടന്ന ദിവസം തന്നെക്കൊണ്ട് എൻ.സി.ബി ഉദ്യോഗസ്ഥര്‍ 10 വെള്ള പേപ്പറില്‍ ഒപ്പിടുവിച്ചെന്നും പ്രഭാകര്‍ സെയില്‍ ആരോപിച്ചു.
എന്നാല്‍, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് സമീര്‍ വാങ്കഡെ പ്രതികരിച്ചത്. അങ്ങനെ പണം വാങ്ങിയിട്ടുണ്ടെങ്കില്‍ ഈ കേസില്‍ ആരെങ്കിലും ജയിലില്‍ അടയ്ക്കപ്പെടുമായിരുന്നോ എന്നും വാങ്കഡെ ചോദിച്ചു. എന്‍.സി.ബിയുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താൻ വേണ്ടി മാത്രമാണ് ഈ ആരോപണങ്ങള്‍. ഓഫിസിൽ സി.സി.ടി.വി ക്യാമറകളുണ്ട്. ആരോപിക്കുന്നതുപോലെ ഒന്നും സംഭവിച്ചിട്ടില്ല. സത്യവാങ്മൂലം കോടതിയിലെത്തുമ്പോൾ കൃത്യമായ മറുപടി നൽകുമെന്നും അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.