എൻ.സി.ഇ.ആർ.ടി ആറാം ക്ലാസ് ഇംഗ്ലീഷ് പുസ്തകം ഇനി ‘പൂർവി’
text_fieldsന്യൂഡൽഹി: രണ്ടാം മോദി സർക്കാറിന്റെ കാലത്ത് കൊണ്ടുവന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് (എൻ.ഇ.പി 2020) അനുസൃതമായി പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് അടിസ്ഥാനമാക്കി എൻ.സി.ഇ.ആർ.ടി ആറാം ക്ലാസ് ഇംഗ്ലീഷ് പാഠപുസ്തകം പരിഷ്കരിച്ചു. വിദേശ എഴുത്തുകാരുടെ കവിതകളും ഗദ്യങ്ങളും ഇംഗ്ലീഷ് കഥാപാത്രങ്ങളുടെ പേരുകളും മാറ്റി ഇന്ത്യൻ പശ്ചാത്തലവും കവിതകളും കഥാപാത്രങ്ങളുമാക്കി ‘പൂർവി’ എന്ന പേരിലാണ് ആറാം ക്ലാസ് പുതിയ ഇംഗ്ലീഷ് പാഠപുസ്തകം എൻ.സി.ഇ.ആർ.ടി പുറത്തിറക്കിയത്. ഹണിസക്ക്ൾ എന്ന പേരിൽ ഇതുവരെ ഉണ്ടായിരുന്ന ആറാംക്ലാസ് ഇംഗ്ലീഷ് പാഠപുസ്തകത്തിൽ പഠിക്കാനുണ്ടായിരുന്ന എട്ട് കവിതകളിൽ ഏഴും വിദേശ എഴുത്തുകാരുടേതായിരുന്നു. ഗദ്യവിഭാഗത്തിൽ വിദേശ എഴുത്തുകാർക്കായിരുന്നു പ്രാമുഖ്യം നൽകിയത്.
എന്നാൽ ‘പൂർവി’യിൽ ഇന്ത്യൻ എഴുത്തുകാർക്കാണ് പ്രാമുഖ്യം. പഴയ പുസ്തകത്തിലുണ്ടായിരുന്ന ‘പാട്രിക്’, ‘മിസ്റ്റർ ഭീം’ തുടങ്ങിയ ഇംഗ്ലീഷ് കഥാപാത്രങ്ങളുടെ പേരുകൾ ഇന്ത്യൻ കഥാപാത്രങ്ങളുടേതാക്കി മാറ്റിയിട്ടുണ്ട്. കൂടാതെ, യോഗയുടെ നേട്ടം വിശദീകരിച്ച് മൂന്ന് പേജുള്ള പുതിയ അധ്യായവും പുതിയ പുസ്തകത്തിൽ ഉൾപ്പെടുത്തി. സംസ്കാരവും പാരമ്പര്യവും എന്ന് തലക്കെട്ടുള്ള അധ്യായത്തിൽ 19 ഇടത്ത് ‘ഭാരത്’ എന്നാണ് ഉപയോഗിച്ചത്. ഏഴിടത്ത് മാത്രമാണ് ഇന്ത്യ എന്ന് പരാമർശിക്കുന്നത്. പുതിയ പാഠ്യപദ്ധതി ആറാം ക്ലാസിൽ ഈ അധ്യയന വർഷം മുതൽ നടപ്പാക്കുമെന്ന് എൻ.സി.ഇ.ആർ.ടി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.