'ആർ.എസ്.എസ് അനുബന്ധ സംഘടനയായി പ്രവർത്തിക്കുന്നു'; എൻ.സി.ഇ.ആർ.ടിയെ വിമർശിച്ച് ജയറാം രമേശ്
text_fieldsന്യൂഡൽഹി: എൻ.സി.ഇ.ആർ.ടിയെ വിമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. എൻ.സി.ഇ.ആർ.ടി 2014 മുതൽ ആർ.എസ്.എസ് അനുബന്ധ സംഘടനയായി പ്രവർത്തിക്കുന്നുവെന്ന് ജയറാം രമേശ് ആരോപിച്ചു. പതിനൊന്നാം ക്ലാസിലെ പരിഷ്കരിച്ച പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകം മതേതര ആശയത്തെ വിമർശിക്കുന്നത് ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
എൻ.സി.ഇ.ആർ.ടിയുടെ ലക്ഷ്യം പാഠപുസ്തകങ്ങൾ നിർമിക്കുക എന്നതാണെന്നും രാഷ്ട്രീയ ലഘുലേഖകളുടെ നിർമാണവും പ്രചാരണവുമല്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ ഭരണഘടനക്കെതിരെ എൻ.സി.ഇ.ആർ.ടി ആക്രമണം ശക്തമാക്കുകയാണ്. സുപ്രീം കോടതിയുടെ വിവിധ വിധികൾ മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ അവിഭാജ്യ ഘടകമാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എൻ.സി.ഇ.ആർ.ടി എന്നത് നാഷനൽ കൗൺസിൽ ഫോർ എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് ആണെന്നും നാഗ്പൂർ/ നരേന്ദ്ര കൗൺസിൽ ഫോർ എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് അല്ലെന്ന് അവർ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പന്ത്രണ്ടാം ക്ലാസ് പാഠപുസ്തകത്തില്‍നിന്ന് ബാബരി മസ്ജിദെന്ന പേര് ഒഴിവാക്കുകയും രാമജന്മഭൂമി പ്രക്ഷോഭത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്ത നടപടി വിവാദമായിരുന്നു. ഇതോടെ വിശദീകരണവുമായി എൻ.സി.ഇ.ആർ.ടി ഡയറക്ടർ ദിനേശ് പ്രസാദ് സക്ലാനി രംഗത്തെത്തി. പാഠ്യപദ്ധതിയെ കാവി വൽക്കരിക്കാനുള്ള ഒരു നീക്കവും ഇല്ലെന്നും, മാറ്റം തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലുള്ളതാണെന്നുമാണ് സക്ലാനിയുടെ വാദം. എന്തിനാണ് കുട്ടികളെ കലാപത്തെക്കുറിച്ച് പഠിപ്പിക്കുന്നതെന്നും എൻ.സി.ഇ.ആർ.ടി ഡയറക്ടർ ചോദിച്ചു.
ഗുജറാത്തിലെ സോമനാഥിൽ നിന്ന് അയോധ്യയിലേക്ക് ബി.ജെ.പി നടത്തിയ രഥയാത്ര, കർസേവകരുടെ പങ്ക്, ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർത്തതിന് പിന്നാലെയുണ്ടായ വർഗീയ കലാപം, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്, അയോധ്യയിലെ സംഭവങ്ങളിൽ ബി.ജെ.പി നടത്തിയ ഖേദ പ്രകടനം എന്നിവ പുസ്തകത്തിൽനിന്ന് വെട്ടിമാറ്റിയവയിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.