ഗാന്ധിജിയെ വെട്ടി എൻ.സി.ഇ.ആർ.ടി; ആർ.എസ്.എസ് നിരോധനവും ‘കാണാനില്ല’
text_fieldsന്യൂഡൽഹി: 12ാം ക്ലാസിലേക്കുള്ള പുതിയ അക്കാദമിക വർഷത്തെ രാഷ്ട്രമീമാംസ (പൊളിറ്റിക്കൽ സയൻസ്) പാഠപുസ്തകത്തിൽനിന്ന് മഹാത്മാഗാന്ധിയെ സംബന്ധിച്ച ഭാഗങ്ങളും ആർ.എസ്.എസ് നിരോധനവും ഒഴിവാക്കി എൻ.സി.ഇ.ആർ.ടി. ‘ഗാന്ധിജിയുടെ മരണം രാജ്യത്തെ മതസൗഹാർദ അവസ്ഥയിലുണ്ടാക്കിയ വലിയ മാറ്റവും’ ‘ഹിന്ദു-മുസ്ലിം ഐക്യത്തിനായുള്ള ഗാന്ധിജിയുടെ പ്രവർത്തനങ്ങൾ ഹൈന്ദവ തീവ്രവാദികളെ പ്രകോപിപ്പിച്ചതും’ പുതിയ പുസ്തകത്തിൽ ‘കാണാനില്ല’. എന്നാൽ, പുതിയ വർഷത്തേക്കായി ‘ഒഴിവാക്കൽ’ ഒന്നും ഉണ്ടായിട്ടില്ലെന്നും കഴിഞ്ഞ വർഷം ജൂണിൽ തന്നെ സിലബസ് തയാറായതാണെന്നും എൻ.സി.ഇ.ആർ.ടി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഗുജറാത്ത് കലാപം, മുഗൾ ഭരണസംവിധാനം, അടിയന്തരാവസ്ഥ, ശീതയുദ്ധം, നക്സൽ പ്രസ്ഥാനം തുടങ്ങിയവ അപ്രസക്തമോ പല അധ്യായങ്ങളിലും കടന്നുവരുന്നതോ ആണെന്നുകാണിച്ച് ഒഴിവാക്കിയിരുന്നു.
തീരുമാനത്തിൽ പുതിയ കാര്യങ്ങളൊന്നുമില്ലെന്നാണ് എൻ.സി.ഇ.ആർ.ടി ഡയറക്ടർ ദിനേശ് സക്ലാനി പറയുന്നത്. എന്നാൽ, ഈ കാര്യം അന്ന് അറിയിക്കാതിരുന്നത് സംബന്ധിച്ച് അദ്ദേഹം മൗനം പാലിച്ചു.
കഴിഞ്ഞ വർഷംതന്നെ ഇക്കാര്യം അറിയിക്കാതിരുന്നത് പിഴവാകാം എന്നാണ് സക്ലാനി പറയുന്നത്. പുതിയ പാഠപുസ്തകത്തിലുള്ള എല്ലാ മാറ്റങ്ങളും ഒന്നോ രണ്ടോ ദിവസത്തിനകം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നും ഒരു സുപ്രഭാതത്തിൽ ഒഴിവാക്കുന്നതല്ല. അതിന് നടപടിക്രമങ്ങളും പ്രഫഷനൽ നൈതികതയുമുണ്ട്. ഈ നടപടിക്കുപിന്നിൽ മറ്റ് താൽപര്യങ്ങളില്ല. വിഷയ വിദഗ്ധരുടെ പാനലാണ് ഗാന്ധിജിയെക്കുറിച്ച് ചില ഭാഗങ്ങൾ ഒഴിവാക്കുന്ന കാര്യം നിർദേശിച്ചത്-അദ്ദേഹം തുടർന്നു.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻ.ഇ.പി) അവിഭാജ്യ ഘടകമാണ് പഠനഭാരം കുറച്ച് പരീക്ഷണാത്മക പഠനത്തിലൂന്നി സർഗാത്മക കാഴ്ചപ്പാട് വികസിപ്പിക്കലെന്ന് എൻ.സി.ഇ.ആർ.ടി വെബ്സൈറ്റ് പറയുന്നു.
എൻ.സി.ഇ.ആർ.ടി നീക്കത്തെ പരിഹസിച്ച് രാജ്യസഭ എം.പി കപിൽ സിബൽ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യയിൽ ആധുനിക ഇന്ത്യ ചരിത്രം ആരംഭിക്കേണ്ടത് 2014 മുതലാണെന്ന് സിബൽ പറഞ്ഞു. പുതിയ അധ്യയന വർഷം മുതൽ എൻ.സി.ഇ.ആർ.ടിയുടെ 10, 11,12 വരെയുള്ള പാഠപുസ്തകങ്ങളിൽനിന്ന് സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെയും കോൺഗ്രസിനെയും മുഗളരെയും ഇസ്ലാമിക ഭൂപ്രദേശങ്ങളെയും കുറിച്ചുള്ള പാഠങ്ങൾ എൻ.സി.ഇ.ആർ.ടി നീക്കം ചെയ്തതിനെതിരെ കഴിഞ്ഞ ദിവസം തന്നെ വിമർശനം ഉയർന്നിരുന്നു.
അപ്പോഴും ഇതൊന്നും പക്ഷപാതം കൊണ്ടല്ലെന്നും പാഠപുസ്തകങ്ങൾ കൂടുതൽ യുക്തിസഹമാക്കുന്നതിന്റെ ഭാഗമാണെന്നുമുള്ള ന്യായീകരണമാണ് അധികൃതർ ഉയർത്തിയത്.
അതിനിടെ, 2024 അക്കാദമിക് സെഷൻ മുതലാകും എൻ.ഇ.പി ചട്ടക്കൂടിനനുസരിച്ച് തയാറാക്കിയ പുതിയ പാഠപുസ്തകങ്ങൾ ഉപയോഗത്തിലാവുകയെന്ന് വിദ്യാഭ്യാസ മന്ത്രാലയ അധികൃതർ പറഞ്ഞതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.