പാഠപുസ്തക മാറ്റം പക്ഷപാതം കൊണ്ടല്ലെന്ന് എൻ.സി.ഇ.ആർ.ടി
text_fieldsന്യൂഡൽഹി: പാഠപുസ്തകങ്ങളിൽ നിന്ന് സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെയും കോൺഗ്രസിനെയും മുഗളരെയും ഇസ്ലാമിക ഭൂപ്രദേശങ്ങളെയും കുറിച്ചുള്ള പാഠങ്ങൾ നീക്കം ചെയ്തത് പക്ഷപാതം കൊണ്ടല്ലെന്നും പാഠപുസ്തകങ്ങൾ കൂടുതൽ യുക്തിസഹമാക്കുന്നതിനും വിദ്യാർഥികളുടെ ഭാരം കുറക്കുന്നതിനുമാണെന്ന ന്യായീകരണവുമായി എൻ.സി.ഇ.ആർ.ടി രംഗത്തുവന്നു.
ഈ അധ്യയന വർഷം മുതൽ എൻ.സി.ഇ.ആർ.ടിയുടെ 10, 11,12 വരെയുള്ള പാഠപുസ്തക പരിഷ്കരണത്തിൽ ഇവരെക്കുറിച്ചുള്ള ഭാഗങ്ങൾ നീക്കം ചെയ്തതിൽ വിമർശനമുയർന്ന സാഹചര്യത്തിലാണ് എൻ.സി.ഇ.ആർ.ടി ഡയറക്ടർ ദിനേശ് കുമാർ സക്ലാനി വിശദീകരണവുമായി രംഗത്തുവന്നത്.
ഏതെങ്കിലും വിഭാഗങ്ങളെ കുറിച്ച് പഠിപ്പിക്കാതിരിക്കുകയല്ല തങ്ങളുടെ ഉദ്ദേശ്യമെന്നും മറിച്ച് എൻ.സി.ഇ.ആർ.ടി സിലബസിന്റെ പടിപടിയായുള്ള വികാസമാണിതെന്നും യുക്തി ഉപയോഗിച്ച് പാഠപുസ്തകങ്ങളെ യുക്തിസഹമാക്കുകയാണ് ചെയ്തതെന്നും ഡയറക്ടർ അവകാശപ്പെട്ടു. ഏതെങ്കിലും വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് ഈ മാറ്റമെന്ന് ചിലർ പ്രചരിപ്പിക്കുന്നത് ഊഹം മാത്രമാണ്. മുഗളരുടെ ചരിത്രം വിദ്യാർഥികൾ പഠിക്കേണ്ട എന്ന നിലപാടില്ല. എന്നാൽ ഇത് മറ്റുപാഠഭാഗങ്ങൾക്കൊപ്പം അധികഭാരമാകരുതെന്നാണ് തങ്ങളുടെ നിലപാട്. എൻ.സി.ഇ.ആർ.ടിയുടെ ഗവേഷകർക്ക് മാത്രമല്ല, രാജ്യമൊട്ടുക്കുമുള്ള ഗവേഷകരുടെ നിലപാടാണ് അത്. വ്യത്യസ്ത സർവകലാശാലകളിൽ നിന്ന് പ്രഫഷനലുകളെയും ഗവേഷകരെയും ക്ഷണിച്ചാണ് പുതിയ പാഠപുസ്തകങ്ങൾ തയാറാക്കിയത്. എൻ.സി.ഇ.ആർ.ടി ഒറ്റക്ക് ചെയ്തതല്ല. ഒരു ദേശീയ കൗൺസിൽ എന്ന നിലക്ക് എൻ.സി.ഇ.ആർ.ടി അതിന് അവസരമൊരുക്കുക മാത്രമാണ് ചെയ്തതെന്നും ഡയറക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.