ടാറ്റ ഗ്രൂപ്പിന് തിരിച്ചടി: സൈറസ് മിസ്ത്രിയെ ചെയർമാനായി നിയമിക്കണം
text_fieldsന്യൂഡൽഹി: നീണ്ട നിയമയുദ്ധത്തിനൊടുവിൽ സൈറസ് മിസ്ത്രി വീണ്ടും ടാറ്റ ഗ്രൂപ്പിെൻറ തലപ്പത്തേക്ക്. മിസ്ത്രിയെ ടാറ്റ സൺസ് ഗ്രൂപ് എക്സിക്യുട്ടീവ് ചെയർമാനായി നിയമിക്കണമെന്ന് ദേശീയ കമ്പനി നിയമ അപ്പലറ്റ് ട്രൈബ്യൂണൽ (എൻ.സി.എൽ.എ.ടി) ഉത്തരവിട്ടു. നിലവിൽ എക്സിക്യുട്ടീവ് ചെയർമാൻ പദവിയിലിരിക്കുന്ന എൻ. ചന്ദ്രശേഖരെൻറ നിയമനം നിയമവിരുദ്ധമാണെന്നും ജസ്റ്റിസ് എസ്.ജെ. മുഖോപാന്ദ്യായ അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വിധിച്ചു. എന്നാൽ, ട്രൈബ്യൂണൽ വിധിക്കെതിരെ ടാറ്റ ഗ്രൂപ്പിന് സുപ്രീംകോടതിയെ സമീപിക്കാം. ഇതിനായി നാലാഴ്ചത്തെ സമയവും ട്രൈബ്യൂണൽ അനുവദിച്ചിട്ടുണ്ട്.
ടാറ്റ ഗ്രൂപ്പിെൻറ ആറാമത് ചെയർമാനായിരുന്ന മിസ്ത്രിയെ 2016 ഒക്ടോബറിലാണ് ഡയറക്ടർ ബോർഡ് അപ്രതീക്ഷിത നടപടിയിലൂടെ പുറത്താക്കുന്നത്. കമ്പനിക്കും ഓഹരി ഉടമകൾക്കും മിസ്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ആരോപിച്ചായിരുന്നു നടപടി. ഇത് ചോദ്യം ചെയ്ത് മിസ്ത്രിയുടെ നേതൃത്വത്തിലുള്ള സൈറസ് ഇൻവെസ്റ്റ്മെൻറും സ്റ്റെർലിങ് ഇൻവെസ്റ്റ്മെൻറ് കോർപറേഷനും സമർപ്പിച്ച ഹരജിയിലാണ് അപ്പലറ്റ് അതോറിറ്റി വിധിപറഞ്ഞത്.
2016ൽ മിസ്ത്രിയെ പുറത്താക്കിയ ശേഷം ഇടക്കാല ചെയർമാനായി രത്തൻ ടാറ്റക്കായിരുന്നു ചുമതല. പിന്നീട് ഇദ്ദേഹത്തെ മാറ്റി 2017 ഫെബ്രുവരിയിൽ എൻ. ചന്ദ്രശേഖരനെ കമ്പനി ചെയർമാനായി നിയമിച്ചു. 2018 സെപ്റ്റംബറിൽ സ്വകാര്യവത്കരിക്കുന്നതിെൻറ ഭാഗമായി ചെറുകിട നിക്ഷേപകരിൽനിന്ന് ഓഹരികൾ തിരികെ വാങ്ങുന്നതിനുള്ള നടപടികളും കമ്പനി ആരംഭിച്ചു.
എന്നാൽ, കുറഞ്ഞ ഓഹരിയുള്ള നിക്ഷേപകരുടെ അവകാശങ്ങൾ സ്വകാര്യവത്കരിക്കുന്നതിലൂടെ ഇല്ലാതാക്കപ്പെടുന്നാരോപിച്ച് മിസ്ത്രി ഹരജി നൽകിയെങ്കിലും കീഴ്കോടതി തള്ളുകയായിരുന്നു. തുടർന്നാണ് ദേശീയ കമ്പനി നിയമ അപ്പലറ്റ് അതോറിറ്റയിൽ മിസ്ത്രിയും കൂട്ടരും പരാതി നൽകിയത്. നീണ്ട കാലത്തെ വാദപ്രതിവാദങ്ങൾക്കും നിയമനടപടികൾക്കും ശേഷമാണ് ട്രൈബ്യൂണൽ കേസിൽ വിധി പറയുന്നത്.
ടാറ്റ ഗ്രൂപ്പിൽ 18.5 ശതമാനം ഓഹരിയുള്ള മിസ്ത്രിയെ ചെയർമാൻ സ്ഥാനത്ത് പുനർനിയമിക്കണെമന്ന എൻ.സി.എൽ.ടിയുടെ ഉത്തരവ് ടാറ്റ ഗ്രൂപ്പിന് കനത്ത തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.