ശരത് പവാറിനെതിരെ പോസ്റ്റിട്ട ബി.ജെ.പി നേതാവിന്റെ മുഖത്തടിച്ച് എൻ.സി.പി പ്രവർത്തകർ - വിഡിയോ
text_fieldsപുണെ: മഹാരാഷ്ട്ര സംസ്ഥാന ബി.ജെ.പി വക്താവ് വിനായക് അംബേക്കറിനെ, പാർട്ടി നേതാവ് ശരദ് പവാറിനെതിരെ പോസ്റ്റിട്ടതിന് എൻ.സി.പി പ്രവർത്തകർ മർദിച്ചു. ഇതിന്റെ വിഡിയോ സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ ട്വിറ്ററിൽ പങ്കുവെച്ചു.
'മഹാരാഷ്ട്ര പ്രദേശ് ഭാരതീയ ജനതാ പാർട്ടി വക്താവ് വിനായക് അംബേക്കറിനെ എൻ.സി.പി ഗുണ്ടകൾ ആക്രമിച്ചു. ബി.ജെ.പിക്ക് വേണ്ടി ഈ ആക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. ഈ എൻ.സി.പി ഗുണ്ടകളെ ഉടനടി കൈകാര്യം ചെയ്യണം' -ചന്ദ്രകാന്ത് തന്റെ പോസ്റ്റിൽ കുറിച്ചു.
ഓഫിസിൽ ഇരിക്കുന്ന അംബേക്കറുമായി ചിലർ വഴക്കിടുന്നത് വിഡിയോയിൽ കാണാം. ഇതിനിടയിലാണ് ഒരാൾ അദ്ദേഹത്തിന്റെ മുഖത്തടിക്കുന്നത്. അതേസമയം, മുതിർന്ന ബി.ജെ.പി നേതാക്കളുടെ നിർദേശത്തെ തുടർന്ന് ഫേസ്ബുക്ക് പോസ്റ്റിൽനിന്ന് ആക്ഷേപകരമായ രണ്ട് വരികൾ നീക്കം ചെയ്തതായി അംബേക്കർ പറഞ്ഞു. എൻ.സി.പി പ്രവർത്തകർക്കെതിരെ പരാതി നൽകിയിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ശനിയാഴ്‌ച, മറാത്തി നടൻ കേതകി ചിതാലെയെയും വിദ്യാർത്ഥി നിഖിൽ ഭാംരെയെയും പവാറിനെതിരെ ആക്ഷേപകരമായ പോസ്റ്റുകൾ പങ്കിട്ടതിന് അറസ്റ്റ് ചെയ്തിരുന്നു. മഹാരാഷ്ട്ര കോടതി ചിതാലെയെ മെയ് 18 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
അപകീർത്തിപ്പെടുത്തുകയും ശത്രുത വളർത്തുകയും ആളുകൾക്കിടയിൽ അസ്വാരസ്യം പ്രചരിപ്പിക്കുകയും ചെയ്‌തതിനാണ് ചിതാലെക്കെതിരെ കേസെടുത്തിട്ടുള്ളത്. മഹാരാഷ്ട്രയിൽ ശിവസേന നയിക്കുന്ന ഭരണകക്ഷിയുടെ ഭാഗമാണ് എൻ.സി.പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.