എൻ.സി.പിക്ക് അംഗബലമില്ല; പ്രതിപക്ഷ നേതൃസ്ഥാനം തങ്ങൾക്ക് അവകാശപ്പെട്ടതെന്ന് കോൺഗ്രസ്
text_fieldsമുംബൈ: ജിതേന്ദ്ര അവ്ഹാദിനെ മഹാരാഷ്ട്ര നിയമസഭയിലെ പുതിയ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത എൻ.സി.പി നടപടിയിൽ പരസ്യ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത്. നിയമസഭയിലെ അംഗബലം തങ്ങൾക്കായതിനാൽ എൻ.സി.പി തീരുമാനം അംഗീകരിക്കാനാവില്ലെന്നാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്.
53 സീറ്റുമായി സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന എൻ.സി.പി, പിളർപ്പിന് പിന്നാലെ ശരദ് പവാർ പക്ഷത്തിന് 20 എം.എൽ.എമാരുടെ പിന്തുണ മാത്രമാണുള്ളത്. എന്നാൽ, അജിത് പവാർ പാർട്ടിയെ പിളർത്തി ബി.ജെ.പി-ഷിൻഡെ സർക്കാറിൽ ഉപമുഖ്യമന്ത്രിയായതോടെ ജിതേന്ദ്ര അവ്ഹാദിനെ പുതിയ പ്രതിപക്ഷ നേതാവായി ശരദ് പവാർ പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം, 44 എം.എൽ.എമാർ കോൺഗ്രസിനുണ്ട്. അതിനാൽ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കണമെന്ന് കോൺഗ്രസ് നിയമസഭ കക്ഷി നേതാവ് ബാലാസാഹിബ് തൊറാട്ട് പറയുന്നത്.
മഹാവികാസ് അഗാഡിയിൽ ചർച്ച ചെയ്യാതെ പ്രതിപക്ഷ നേതാവിനെ എൻ.സി.പി ഒറ്റക്ക് പ്രഖ്യാപിച്ചതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്. അതേസമയം, വിഷയത്തിൽ തുടർനടപടി ചർച്ച ചെയ്യാൻ കോൺഗ്രസ് ഇന്ന് നേതൃയോഗം വിളിച്ചിട്ടുണ്ട്. കൂടാതെ മഹാവികാസ് അഗാഡിയിൽ വിഷയം ചർച്ച ചെയ്ത് പരിഹരിക്കാനാണ് നീക്കം.
അതിനിടെ, യഥാർഥ എൻ.സി.പി ആരുടേതാണെന്ന വാദം ഉയർത്തി അജിത് പവാർ, ശരദ് പവാർ വിഭാഗങ്ങൾ കണക്കുകൾ നിരത്താൻ തുടങ്ങി. എൻ.സി.പിയെ പിളർത്തിയ അജിത് പവാറിനൊപ്പം 31 എം.എൽ.എമാരും ആറ് നിയമസഭ കൗൺസിൽ അംഗങ്ങളും ഒരു എം.പിയും ഉണ്ടെന്നാണ് വിവരം. എന്നാൽ, 40 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നാണ് അജിത് അവകാശപ്പെടുമ്പോഴും കൃത്യമായ കണക്ക് പറയുന്നില്ല.
53 എം.എൽ.എമാരിൽ 31 പേരാണ് അജിത്പവാറിന് രേഖാമൂലം ഉറപ്പു നൽകിയതെന്നാണ് വിവരം. 12 പേർ ഔദ്യോഗിക പക്ഷത്ത് ഉറച്ചുനിൽക്കുന്നു. ശേഷിച്ച ഒമ്പത് പേരുടെ നിലപാട് എന്തെന്ന് ഇനിയും വ്യക്തമല്ല. സുനിൽ തത്കരെയാണ് അജിത് പക്ഷത്തുള്ള ഏക എം.പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.