'ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ കഴിയുന്നവരെയാണ് രാജ്യത്തിന് ആവശ്യം'; കോൺഗ്രസിൽ തിരിച്ചെത്തി ഡൽഹി മുൻ മന്ത്രി യോഗാനന്ദ് ശാസ്ത്രി
text_fieldsന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) നേതാവും ഡൽഹി മുൻ മന്ത്രിയുമായ യോഗാനന്ദ് ശാസ്ത്രി കോൺഗ്രസിൽ ചേർന്നു. എ.ഐ.സി.സി ചുമതലയുള്ള ദീപക് ബാബരിയയുടെ സാന്നിധ്യത്തിലാണ് പാർട്ടിയിൽ ചേർന്നത്. 2021ലാണ് കോൺഗ്രസ് വിട്ട് അദ്ദേഹം എൻ.സി.പി.യിൽ ചേർന്നത്.
കോൺഗ്രസിൽ ചേർന്നതിന് പ്രത്യേക കാരണങ്ങളൊന്നും ഇല്ലെന്നും എൻ.സി.പിയുടെയും കോൺഗ്രസിന്‍റെയും ആശയങ്ങൾക്ക് സമാനതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ കഴിയുന്നവരെയാണ് രാജ്യത്തിന് ആവശ്യമെന്നും എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അതാണ് കോൺഗ്രസിന്‍റെയും എൻ.സി.പിയുടെയും ആത്മാവെന്നും യോഗാനന്ദ് ശാസ്ത്രി പറഞ്ഞു.
മുൻ ഡൽഹി നിയമസഭ സ്പീക്കറായിരുന്ന യോഗാനന്ദ് ശാസ്ത്രി ഡൽഹി കോൺഗ്രസിലെ മുതിർന്ന നേതാക്കളിൽ ഒരാളാണ്. അന്നത്തെ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്‍റെ ഒന്നര ദശാബ്ദക്കാലത്തെ ഭരണത്തിൽ സുപ്രധാന പദവികൾ വഹിച്ച അദ്ദേഹം രണ്ടുതവണ മാളവ്യ നഗർ മണ്ഡലത്തെയും ഒരു തവണ മെഹ്‌റൗളി നിയമസഭ മണ്ഡലത്തെയും പ്രതിനിധീകരിച്ചിട്ടുണ്ട്.
യോഗാനന്ദ് ശാസ്ത്രിയുടെ പാർട്ടി പ്രവേശനം പാർട്ടിക്ക് വലിയ ഉത്തേജനമാകുമെന്ന് വിശ്വസിക്കുന്നതായി ദീപക് ബാബരിയ പറഞ്ഞു. യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹം സമർത്ഥനാണെന്നും ദീപക് ബാബരിയ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.